ചിറയിൻകീഴ്: ലോക്ക് ഡൗൺ സമസ്ത മേഖലയേയും ബാധിച്ചെങ്കിലും ഏറ്റവും ദുരിതം വിതയ്ക്കുന്നത് അന്നന്ന് ജോലി ചെയ്തു കുടുംബം പോറ്റുന്ന ഒരു പറ്റം ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിത സാഹചര്യങ്ങളെയാണ്. ചിറയിൻകീഴ് താലൂക്കിൽ തന്നെ ഇത്തരത്തിലുള്ളവർ ആയിരക്കണക്കിന് വരും. ഈ കുടുംബങ്ങളിലധികവും ഒരാളുടെ വരുമാനത്തിലാണ് തള്ളി നീങ്ങുന്നത്.
വീട് വയ്ക്കാനും ടുവീലർ വാങ്ങാനും എടുത്ത ലോണിന് പുറമെ കുട്ടികളുടെ വിദ്യാഭ്യാസവും ചികിത്സാ ചെലവും കൂടി ആകുമ്പോൾ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിക്കെട്ടാനുള്ള ഓട്ടത്തിലായിരിക്കും ഇത്തരക്കാർ. ഒരാഴ്ച ജോലിക്ക് പോയില്ലെങ്കിൽ കഞ്ഞികുടി മുട്ടും. അപ്പോൾ ഈ നീണ്ടകാലത്തെ ലോക്ക് ഡൗൺ പല കുടുംബങ്ങളുടെയും നിലനിൽപ്പുതന്നെ ചോദ്യചിഹ്നമാക്കുകയാണ്. ലോക്ക് ഡൗൺ മാറിയാലും ഇവർക്ക് ജോലി നൽകിക്കൊണ്ടിരുന്നവരും നട്ടംതിരിയുന്നതിനാൽ തൊഴിലിടങ്ങൾ പഴയതുപോലെ സജീവമാകാൻ എത്രകാലം വേണ്ടിവരുമെന്ന ആശങ്കയിലാണിവർ.
തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത തൊഴിലുടമകൾക്ക് ഉണ്ടെന്ന് സർക്കാർ പറയുമ്പോഴും അപ്രതീക്ഷിത വരുമാന നഷ്ടത്തിന്റെ പാതയിലാണ് തൊഴിലുടമകളും. അക്കാരണത്താൽ തന്നെ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് നേരെ തൊഴിലുടമകൾക്കും കണ്ണടയ്ക്കേണ്ടതായി വരുന്നു.
സർക്കാർ നൽകിയ സൗജന്യറേഷൻ ഇവരുടെ കുടുംബങ്ങളിലെ പട്ടിണി മാറ്റിയെങ്കിലും ഭക്ഷണത്തിനപ്പുറം മരുന്നു തേടുന്ന രോഗികളും ഇത്തരം കുടുംബങ്ങളിൽ സർവ സാധാരണമാണ്. അധികൃതരുടെ സഹായഹസ്തം തങ്ങളെ തേടിയെത്തിയില്ലെങ്കിൽ കൊവിഡ് എന്ന മഹാമാരിയെക്കാൾ ദുരിതമാകും അവസ്ഥ എന്നാണ് ഇവരിൽ പലരും പറയുന്നത്.