police-

ചിറയിൻകീഴ്: വാറ്റുകേസിലെ പ്രതിയുടെ വീട്ടിൽ ഭക്ഷ്യസാധനങ്ങളെത്തിച്ച കേരള പൊലീസിന് വീണ്ടും ബിഗ് സല്യൂട്ട്. കണ്ണുരുട്ടാൻ മാത്രമല്ല, ആർദ്രമായി തലോടാനും തങ്ങൾക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ചിറയിൻകീഴ് എസ്.എച്ച്.ഒ സജീഷിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം പൊലീസുകാർ. ചാരായം വാറ്റ് കേസിൽ പിടിയിലായ ചിറയിൻകീഴ് ഇരട്ടക്കലുങ്കിന് സമീപം കുറ്റിക്കാട് മുപ്പറതിട്ട വീട്ടിൽ ജസ്റ്റിന്റെ (48) വീട്ടിലാണ് അവശ്യ സാധനങ്ങൾ എത്തിച്ചത്. 20 ലിറ്റർ കോടയും പ്ലാസ്റ്റിക് കുപ്പിയിൽ വാറ്റിയെടുത്ത ചാരായവുമായാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബത്തിന്റെ ശോച്യാവസ്ഥ പൊലീസിന് മനസിലായത്.
കാഴ്ചയില്ലാത്ത അച്ഛനും രോഗിയായ അമ്മയും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് ജസ്റ്റിന്റെ കുടുംബം. ജസ്റ്റിൻ മത്സ്യബന്ധനത്തിനും ഭാര്യ തൊഴിലുറപ്പിനും പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഇരുവർക്കും തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് ഇയാൾ ചാരായം വാറ്റിലേക്ക് തിരിഞ്ഞത്. കുടുംബത്തിന്റെ ദയനീവാസ്ഥ മനസിലാക്കി അരി, പലവ്യ‌ഞ്ജനങ്ങൾ, പച്ചക്കറികൾ, കുട്ടികൾക്കുള്ള ബിസ്കറ്റ്, ബൂസ്റ്റ്, ഹോർളിക്സ് എന്നിവയടക്കം ഒന്നരമാസത്തേക്കുള്ള സാധനങ്ങളാണ് പൊലീസ് എത്തിച്ചത്. നിറകണ്ണുകളോടെയാണ് കുടുംബം സഹായം സ്വീകരിച്ചത്. പൊലീസിന്റെ ഈ പ്രവൃത്തിക്ക് നിറഞ്ഞ കൈയടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്. ജസ്റ്റിൻ ഇപ്പോൾ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിലാണ്.