മുടപുരം: കാർഷിക, ആരോഗ്യ മേഖലകളിൽ നൂതന കർമ്മ പദ്ധതികളുമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്. വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ, പ്രസിഡന്റ് ആർ. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ബഡ്ജറ്റ് അവതരിപ്പിച്ചു.
6 ഗ്രാമപഞ്ചായത്തുകളിലായി 103 വാർഡുകളിലെ സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജൈവഗ്രാമം-സന്തുഷ്ട ഗ്രാമം എന്ന പദ്ധതി പ്രകാരം കാർഷിക മേഖലയിൽ 32,37,38,271 രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ഡിജിറ്റൽ സമഗ്ര ഭൂമസ്ഥലപര വിവരശേഖരണ റിപ്പോർട്ട് തയ്യാറാക്കിയ ബ്ലോക്ക് പ്രദേശത്തെ 5500 കുടുംബങ്ങളുടെയും സാമ്പത്തിക-സാമൂഹ്യ അടിസ്ഥാന വിവരശേഖരണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാക്കും. കെ.എസ്.ആർ.ഇ.സി രൂപം നൽകിയിട്ടുള്ള ഗ്രാമം എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് സാദ്ധ്യമാക്കുന്നത്.
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 30 ജനകീയ ഹോട്ടലുകൾക്ക് റിവോൾവിംഗ് ഫണ്ട് നൽകും. പരമ്പരാഗത തൊഴിൽ മേഖലയായ കയറിന്റെ പുനരുജ്ജീവനത്തിനായി ആക്റ്റിവിറ്റി ഗ്രൂപ്പുകൾ രൂപീകരിച്ച് പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യമേഖലയിൽ നടപ്പിലാക്കി വരുന്ന ആരോഗ്യഭവനം, സുരക്ഷ, ഡയാലിസിസ് യൂണിറ്റ് എന്നിവയ്ക്ക് പുറമേ ഈ വർഷം ഹൃദ്യം (നമ്മുടെ ഹൃദയം നമ്മുടെ ജീവൻ) എന്ന നൂതന പദ്ധതി നടപ്പിലാക്കും. ഇതിനായി 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കലാ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാഗ്രാമം-കലാപഠന പരിപാടി വിപുലീകരിക്കും. കൂടാതെ ക്ഷീര വികസന/മൃഗസംരക്ഷണ പദ്ധതികൾക്കായി 73,02,002 രൂപയും, പി.എം.കെ.എസ്.വൈ പദ്ധതി വഴി കാർഷിക മേഖലയിൽ 4 കോടി രൂപയും, ഭവന നിർമ്മാണ മേഖലയിൽ 3,91,39,600 രൂപയും, വൃദ്ധർ-ഭിന്നശേഷിക്കാർ എന്നിവർക്ക് 48,12,500 രൂപയും നീക്കിവച്ചിട്ടുണ്ട്. പട്ടികജാതി മേഖലയ്ക്ക് 7,57,66,850 രൂപയും ബഡ്ജറ്റിലുണ്ട്.