mar30a

ആറ്റിങ്ങൽ: ലോക്ക് ഡൗൺ ദിനങ്ങൾ മറ്റുള്ളവർക്കുകൂടി പ്രയോജനകരമായ തരത്തിൽ എങ്ങനെ വിനിയോഗിക്കാമെന്ന് കാട്ടിത്തരുകയാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റായ സാത്വിക ദിലിപ്. അവനവഞ്ചേരി ടോൾമുക്ക് ദേവദയത്തിൽ ദിലീപ്കുമാർ- ദിന ദമ്പതികളുടെ മകളാണ് സാത്വിക. അടുക്കളയിൽ അമ്മയെ സഹായിക്കുന്നതോടൊപ്പം വീട്ടിൽ കിട്ടാവുന്ന സാധനങ്ങൾ ഉപയോഗിച്ച് ആരോഗ്യദായകമായ ഭക്ഷണ സാധനങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്ന് വീഡിയോയാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ കൂട്ടുകാർക്കും മറ്റും ഷെയർ ചെയ്യുകയാണ് സാത്വിക. അമ്മയാണ് സാത്വികയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്. അടുക്കള സ്റ്റുഡിയോയാക്കി മൊബൈലിൽ വീഡിയോ പകർത്തുന്നത് അമ്മയാണ്. പാചകം ചെയ്യുന്ന വിധം വിവരിക്കുന്നതിനൊപ്പം കൊറോണ വ്യാപനം തടയാനുള്ള മാർഗങ്ങളും വിവരിക്കുന്നുണ്ട്. സാത്വികയുടെ ചെമ്പരത്തിപ്പൂ സ്ക്വാഷ് ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. കൂട്ടുകാരെല്ലം അതുണ്ടാക്കി നല്ല അഭിപ്രായം പറഞ്ഞതിന്റെ ത്രില്ലിലാണ് ഈ എട്ടാം ക്ലാസുകാരി.

നമുക്കും ഒരു കൈ നോക്കാം

ആവശ്യമുള്ള സാധനങ്ങൾ

ചെമ്പരത്തിപ്പൂവ്, ചെറുനാരങ്ങ,​ പഞ്ചസാര, വെള്ളം

ഉണ്ടാക്കുന്ന വിധം

വെള്ളം തിളപ്പിച്ച് അതിൽ ആവശ്യത്തിന് പഞ്ചസാര ഇട്ട് ലയിപ്പിച്ചു ചേർക്കുക.2 കപ്പ് വെള്ളത്തിന് ഒരു കപ്പ് പഞ്ചസാര ഉപയോഗിക്കാം. അതിലേക്ക് തണ്ടും ഞെട്ടുമൊക്കെ മാറ്റി വൃത്തിയാക്കിയ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ടു കൊടുക്കണം. ഇരുപതോളം ചെമ്പരത്തിപ്പൂക്കളുടെ ഇതളുകളാണ് ഉപയോഗിക്കുന്നത്. ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ ഇട്ട ചൂടുവെള്ളം നന്നായി ആറിയശേഷം അതിലേക്ക് നാരങ്ങനീര് ഒഴിച്ചു കൊടുക്കുമ്പോൾ അത് നല്ല ചുവപ്പ് നിറമായി മാറും. നാരങ്ങാ നീര് ചേർക്കുമ്പോൾ കുരു വീഴാതെ നോക്കണം. അല്ലെങ്കിൽ സ്ക്വാഷ് കൈപ്പാകും. (ശാസ്ത്ര വശം : ചെമ്പരത്തിപ്പൂ കൊണ്ടുരസിയ നീല ലിറ്റ്മസ് പേപ്പറിലേക്ക് ആസിഡ് ആയ നാരങ്ങനീര് ചേർക്കുമ്പോൾ അത് ചുവപ്പ് നിറമാകുന്നു) ഇത് ഗ്ലാസുകളിൽ ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് കുടിക്കാവുന്നതാണ്. രോഗ പ്രതിരോധമാണ് കോറോണ വൈറസ് ബാധയെ തടയുന്ന പ്രധാന കാരണം. അതിന് ഈ പാനീയം ഉപയോഗ പ്രദമാണെണെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ചെമ്പരത്തിപ്പൂവ് ഒരു ആന്റി ഓക്സിഡന്റാണ്. കൂടാതെ അകാലനര മാറ്റുന്നതിനും തലമുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെ നല്ലതാണ്. ചെറു നാരങ്ങയിലെ വിറ്റാമിൻ സി ശരീരത്തിന് രോഗ പ്രതിരോധശേഷി നൽകുന്നതുമാണ്.കൃത്രിമ നിറങ്ങൾ ചേർക്കാതെയുള്ള ഇതിന്റെ ചുവപ്പ് നിറം എല്ലാവർക്കും ആകർഷണീയവുമാണ്.