
പാലോട്: വനമേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് വനം വകുപ്പിന്റെ വാഹനങ്ങൾ വിട്ടു നൽകാൻ ധാരണയായി. കൊറോണ ലോക്ക് ഡൗണിൻ്റെ പശ്ച്ചാത്തലത്തിൽ ഉൾവനമേഖലയിൽ താമസിക്കുന്നവർക്ക് ഏകദേശം മുപ്പത് കിലോമീറ്ററോളം കാൽനടയായി നടന്നു വേണം ഭക്ഷ്യ സാധനങ്ങൾ ശേഖരിച്ച് തിരിച്ച് മടങ്ങാൻ. ഈ മേഖലകളിൽ ജീപ്പ് സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. ലോക്ക് ഡൗൺ വന്നതോടെ അതും മുടങ്ങി. കിലോമീറ്ററുകൾ താണ്ടി പുറം ലോകത്തെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങി തലചുമടായി കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടുകാരണം പല കുടുംബങ്ങളും പട്ടിണിയിലാണ്. പ്രെമോട്ടർ മാർ ഉണ്ടെങ്കിലും വല്ലപ്പോഴുമാണ് ഇവരുടെ പ്രശ്നങ്ങൾ അന്വേഷിക്കാനെത്തുന്നത്. ഇപ്പോ അതും ഇല്ലാതായിട്ടുണ്ട്. ഇതേ തുടർന്നാണ് വനം വകുപ്പിന്റെ ഇടപെടൽ ഉണ്ടായത്. ആവശ്യക്കാരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അവശ്യവസ്തുക്കൾ വാങ്ങി തിരികെ ഊരിലെത്തിക്കുന്നതിനും വനം വകുപ്പിൻ്റെ വാഹനങ്ങൾ വിട്ടു നൽകാൻ ധാരണയായി. കൂടാതെ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നു ലഭിക്കേണ്ട ഭക്ഷ്യസാധനങ്ങൾ ഇവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ വനം വകുപ്പും പട്ടിക വകുപ്പുമായി ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.