വെള്ളറട: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും പിന്തുണ അറിയിച്ച് മൈലച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പൊലീസുകാരും. സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രം, ആര്യങ്കോട് പൊലീസ് സ്റ്റേഷൻ, കെ.എസ്.ഇ.ബി ഓഫീസ്, മറ്റ് സ്ഥാപനങ്ങൾ, ആര്യങ്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലെ സന്നദ്ധ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധ പ്രവർത്തകർ തുടങ്ങി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും മാസ്ക്കുകൾ വിതരണം ചെയ്തു. മാസ്ക്കുകളുടെ വിതരണോദ്ഘാടനം ചെമ്പൂര് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് കൈമാറി ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടർ സജീവ് നിർവഹിച്ചു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സന്തോഷ് കുമാർ, മോളി, പൊലീസ് ഉദ്യോഗസ്ഥരായ ബിജുകുമാർ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. മാസ്ക് വിതരണത്തിനൊപ്പം ജനമൈത്രി പൊലീസുമായി സഹകരിച്ചു കൊണ്ട് സ്കൂൾ എസ്.പി.സി യൂണിറ്റ് കൊറോണ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.