ആറ്റിങ്ങൽ: ഹൃദ്രോഗം ബാധിച്ച് മരിച്ച നഗരൂർ ചെങ്കിക്കുന്ന് കുറിയേടത്തുകോണം വിജയഭവനിൽ കെ.പി.വിജയകുമാറിന്റെ കുംടുബത്തിന് സഹായവുമായി ആറ്റിങ്ങൽ ഫയർ ഫോഴ്സ് ജീവനക്കാർ. സംസ്‌കാരത്തിന് പണമില്ലാതെ കുഴങ്ങിയ കുടുംബത്തിന് പണം നൽകി സഹായിക്കാനും തയ്യാറായി.തിങ്കളാഴ്ച രാവിലെ 7.30-ഓടെയാണ് വിജയകുമാറിന് (60) നെഞ്ചുവേദന അനുഭവപ്പെട്ടത്. ആട്ടോറിക്ഷയിൽ കേശവപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിലെത്തിച്ചു. അടിയന്തരമായി താലൂക്കാശുപത്രിയിലെത്തിക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. ഈ സമയം ആംബുലൻസ് ഇല്ലാതിരുന്നതിനാൽ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ അറിയിച്ചു. അവർ ഉടൻ ആശുപത്രിയിലേക്ക് ആംബുലൻസ് അയച്ചു. രോഗിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.എന്നാൽ അവിടെ ചികിത്സയിലിരിക്കെ രോഗി മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാൻ ആശുപത്രിയിലെ ആംബുലൻസ് അയക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സ്വകാര്യ ആംബുലൻസുകളെ സമീപിച്ചെങ്കിലും കൈവശം രൂപ ഇല്ലാത്തതിനാൽ കുടുംബാംഗങ്ങൾ വീണ്ടും ഫയർ ഫോഴ്സിനെ അഭയം പ്രാപിച്ചു. പരേതന് പകർച്ച വ്യാധി ഇല്ലെന്ന ഡോക്ടർ സർട്ടിഫിക്കറ്റോടെ മ‌ൃതദേഹം ഫയർഫോഴ്സിന്റെ ആംബുലൻസിൽ വീട്ടിലെത്തിച്ചു. സംസ്‌കരിക്കാനാവശ്യമായ പണം സ്വന്തം കൈയിൽ നിന്നു നൽകിയാണ് സ്റ്റേഷൻ ഓഫീസർ മടങ്ങിയത്.