തിരുവനന്തപുരം: കൊറോണ ബാധിച്ച് റിട്ട. എ.എസ്.ഐ മരിക്കാനിടയായ പോത്തൻ കോടും പരിസരപ്രദേശങ്ങളിലും കടുത്ത ജാഗ്രത തുടരുന്നു. സമ്പൂർണ ലോക്ക് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആളുകൾ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതും പൊലീസും ആരോഗ്യ വകുപ്പും കർശനമായി തടഞ്ഞു. ജംഗ്ഷനുകളും പ്രധാന സ്ഥലങ്ങളുമെല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് ഇന്നലെ തുടങ്ങിവച്ച അണുനശീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരും. ജംഗ്ഷനുകൾ, പൊതു സ്ഥലങ്ങൾ , റേഷൻ കടകൾ, മെഡിക്കൽ ഷാപ്പുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി ആളുകൾ വന്നുപോകാനിടയുള്ള സ്ഥലങ്ങളെല്ലാം അണുനാശിനി സ് പ്ര ചെയ്യുന്നതിനൊപ്പം ഹോം ഐസൊലേഷൻ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്തുവരികയാണ്.
മരണപ്പെട്ട അബ്ദുൾ അസീസിന്റെ കുടുംബാംഗങ്ങളിൽ ഇന്നലെ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ് ആണെന്നതാണ് പോത്തൻകോട് നിവാസികൾക്ക് ആകെയുണ്ടായ ആശ്വാസം. എന്നാലും അബ്ദുൾ അസീസിന്റെ മരണത്തിന്റെ നടുക്കത്തിലാണ് പ്രദേശം. അബ്ദുൾ അസീസിന്റെ രോഗത്തിന്റെ ഉറവിടം അജ്ഞാതമായി തുടരുന്നതും സമ്പർക്ക പട്ടിക പൂർത്തിയാക്കാൻ കഴിയാത്തതുമാണ് രോഗ പ്രതിരോധത്തിലെ കീറാമുട്ടി. ഇതിന് പരിഹാരമെന്നവണ്ണം ഇന്നലെ പ്രദേശത്ത് മൈക്ക് അനൗൺസ്‌മെന്റുൾപ്പെടെ സമ്പൂർണ ബോധവത്കരണത്തിലായിരുന്നു ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി അബ്ദുൾ അസീസുമായി സമ്പർക്കം പുലർത്തിയ നിരവധിപേർ ആരോഗ്യ വകുപ്പ് ജീവനക്കാരെ ബന്ധപ്പെട്ട് ഹോം ഐസൊലേഷനിൽ പ്രവേശിച്ച വിവരം അറിയിച്ചിട്ടുണ്ട്. അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിൽ ചിട്ടി ലേലത്തിനെത്തിയവരും സ്കൂളിൽ പി.ടി.എ യോഗത്തിൽ പങ്കെടുത്തവരും വേങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരും വീടുകളിൽ നിരീക്ഷണത്തിലായി കഴിഞ്ഞു.പള്ളികളിൽ ഇയാൾക്കൊപ്പം മരണചടങ്ങുകളിലും നിസ്കാരത്തിലും സംബന്ധിച്ചവരുടെ കാര്യത്തിലാണ് ആശങ്ക. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്.