aadujeevitham

ജോർദാൻ: കൊറോണ വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ജോർദാനിൽ ആടുജീവിതത്തിൻ്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം.

നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘം ഫിലിം ചേംബറിനും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്കും കത്ത് നൽകി.

ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നി‍ർത്തിവച്ചിരിക്കുകയാണ്. ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതിൽ സംശയമുണ്ട്.ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ഇതിന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മ‍ർദ്ദം ചെലുത്തണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു.

എഴുത്തുകാരൻ ബെന്യാമിന്‍റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടൻ പൃഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണിതെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നു.