തിരുവനന്തപുരം: കൊറോണ മരണമുണ്ടായ പോത്തൻകോട് സമൂഹവ്യാപനത്തിനുള്ള സാദ്ധ്യത ഒഴിവാക്കാൻ സുരക്ഷാ നടപടികൾ കർശനമാക്കാൻ പൊലീസ്. സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി സുരക്ഷാ നടപടികൾ ശക്തമാക്കിയ ഇവിടെ ഇന്ന് പൊലീസിന്റെ റൂട്ട് മാർച്ച് നടക്കും. പഞ്ചായത്ത് ഓഫീസ് മുതൽ പോത്തൻകോട് ജംഗ്ഷൻ വരെയാണ് റൂട്ട് മാർച്ച്.
നിയന്ത്രങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ ആളുകൾ കൂട്ടം കൂടുന്നതിനും പുറത്തിറങ്ങുന്നതിനും കർശനവിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ കണ്ണ് വെട്ടിച്ച് കൂട്ടം കൂടാനോ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കാനോ മുതിരുന്നവരെ കണ്ടെത്താൻ പ്രദേശത്ത് വേണ്ടിവന്നാൽ ഡ്രോൺ നിരീക്ഷണം നടത്താനും ആലോചനയുണ്ട്.. നാലുപേരിലധികം സംഘം ചേരുന്നതിനാണ് നിയന്ത്രണമുള്ളതെങ്കിലും ഒരാൾ പുറത്തിറങ്ങുന്നത് പോലും പൊലീസ് കർശനമായി ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. ജംഗ്ഷൻ പൊലീസിന്റെ കനത്ത കാവലിലാണ്. പട്രോളിംഗും ശക്തമാണ്. ടൂവീലർ പട്രോളിംഗും തുടരുന്നുണ്ട്. പ്രദേശത്ത് റേഷൻ ഷോപ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. സൗജന്യറേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കാനിരിക്കെ റേഷൻ കടകളിൽ കർശനമായി സാമൂഹ്യ അകലവും സുരക്ഷാ നിർദേശങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും പൊലീസിന് നിർദേശം ലഭിച്ചിട്ടുണ്ട്. സ്ഥലത്തെ നിരത്തുകൾ പൊതുവേ വിജനമാണ്. ആളുകൾ സ്വമേധയാ വീടുകളിൽ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യമാണ് ഇവിടെ നിലവിലുളളതെന്ന് പൊലീസ് പറഞ്ഞു.
വിദേശയാത്രയൊന്നും നടത്തിയിട്ടില്ലാത്ത അബ്ദുൾ അസീസിന് രോഗമുണ്ടായതെങ്ങനെയെന്ന കാര്യം അവ്യക്തമായി തുടരവേ വൈറസ് വ്യാപനം തടയാൻ നടപടികൾ കടുപ്പിക്കാനാണ് പൊലീസിന് നിർദേശം. അനാവശ്യമായി പുറത്തിറങ്ങി കറങ്ങാൻ ആരെയും അനുവദിക്കില്ല.. അത്തരക്കാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.