-virologist

ജൊഹന്നാസ്ബർഗ്: കൊറോണ ബാധിച്ച് ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ് ഗീത രാംജീ (64)മരിച്ചു. വാക്സിൻ വിദഗ്ധയും എച്ച്.ഐ.വി പ്രതിരോധ ഗവേഷണ മേധാവിയുമായ ഗീത കഴിഞ്ഞാഴ്ചയാണ് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

ഡർബനിലെ സൗത്ത് ആഫ്രിക്കൻ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ കീഴിലുള്ള എച്ച്.ഐ.വി പ്രിവൻഷൻ റിസർച്ച് യൂണിറ്റിന്റെ ക്ലിനിക്കൽ ട്രെയൽസ് യൂണിറ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും യൂണിറ്റ് ഡയറക്ടറുമായിരുന്നു ഗീത. 2018ൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനകൾക്ക് യൂറോപ്യൻ ഡെവലപ്പ്‌മെന്റ് ക്ലിനിക്കൽ ട്രയൽസ് പാർട്നർഷിപ്പിന്റെ ഔട്ട്സ്റ്റാന്റിംഗ് ഫീമെയൽ സയന്റിസ്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.ഫാർമസിസ്റ്റ് പ്രവീൺ രാംജിയാണ് ഭർത്താവ്.