പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് സംഘം ജോർദാനിൽ കുടുങ്ങിയതിൽ പ്രതികരണവുമായി പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജിനോട് ഫോണിൽ സംസാരിച്ച ശേഷമാണ് മല്ലിക സുകുമാരൻ കേരളകൗമുദി ഓൺലൈനിനോട് പ്രതികരിച്ചത്.
പൃഥ്വിരാജിനെ ഫോണിൽ വിളിച്ചെന്നും ഷൂട്ടിംഗ് സംഘം സേഫാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുകൾക്കും യാതൊരു മുട്ടുമില്ല. ജോർദാനിൽ നിന്ന് മടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഷൂട്ടിംഗ് സംഘം കത്തയച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഈ മാസം അഞ്ചാം തീയതി വരെയാണ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതി കാരണം ഇടയ്ക്ക് ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ പെർമിഷൻ വാങ്ങിയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. എട്ടാം തീയതി വരെയാണ് വിസ കാലാവധിയുള്ളത്. എന്നാൽ കൊറോണ വ്യാപനം കാരണം ആദ്യം ലോക്ക് ഡൗൺ ചെയ്ത രാജ്യങ്ങളിലൊന്നാണ് ജോർദാൻ. അതുകൊണ്ടുതന്നെ വിസ കാലാവധി കഴിഞ്ഞാലും ക്വാറന്റൈനിൽ ഉള്ളവർക്ക് അനുകൂലമായ നടപടികളെ അധികൃതർ സ്വീകരിക്കൂ എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
കൊറോണ വ്യാപനത്തെ തുടർന്ന് ആഗോളതലത്തിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാലാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങിയത്. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നായിരുന്നു വിവരം.