വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയന്നയിലെ ചരിത്രപ്രസിദ്ധമായ സ്‌തൂപത്തെ ആരാധനാലയമാക്കി മാറ്റിയിരിക്കുകയാണ് കൊറോണ മഹാമാരിയെ ഭയന്ന് ജനങ്ങൾ. ഗ്രാബെനിലുള്ള മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ' പ്ലേഗ് കോളം ' എന്ന സ്‌തൂപത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ചും മറ്റും പ്രാർത്ഥിക്കാൻ നിരവധി പേരാണെത്തുന്നത്. കൊറോണയിൽ നിന്നും തങ്ങളെയും കുടുംബത്തെയും രക്ഷിക്കണമെന്ന് ദൈവത്തോടപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പടികളും സ്‌തൂപത്തിന് മുന്നിൽ ഇപ്പോൾ കാണാം.
തങ്ങളുടെ പ്രാർത്ഥനയ്ക്കൊപ്പം ചിത്രങ്ങൾ വരച്ച് ഇവിടെ സമർപ്പിക്കാൻ കുട്ടികളും എത്തുന്നുണ്ട്. ' പ്ലേഗ് കോളം ' അഥവാ ' ട്രിനിറ്റി കോളം ' 1679ൽ ഹാബ്‌സ്ബർഗ് ചക്രവർത്തിയായ ലെപോൾഡ് ഒന്നാമനാണ് നിർമിച്ചത്. അന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ പ്ലേഗിൽ ജീവൻ പൊലിഞ്ഞവരുടെ സ്‌മരണയ്ക്കായാണ് സ്‌തൂപം നിർമിച്ചത്. ഓസ്ട്രിയ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്ലേഗ് കനത്ത നാശം വിതച്ചിരുന്നു. ഏകദേശം 80,000 പേർ അന്ന് വിയന്നയിലും സമീപപ്രദേശങ്ങളിലും മരിച്ചെന്നാണ് കണക്ക്. നഗരം പ്ലേഗിനെ അതിജീവിച്ചതിന്റെ പ്രതീകമാണ് ഈ സ്‌തൂപം.
14ാം നൂറ്റാണ്ടു മുതൽ വിയന്നയിൽ പ്ലേഗിന്റെ കരിനിഴൽ വീണിരുന്നു. 1713 ലാണ് വിയന്നയെ അവസാനമായി പ്ലേഗ് വിറപ്പിച്ചത്. അന്ന് ക്വാറന്റൈൻ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലൂടെ വിയന്ന പ്ലേഗിനെ അതിജീവിച്ചു.
ഓസ്ട്രിയയും മറ്റു യൂറോപ്യൻ രാജ്യങ്ങളും കൊറോണയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തിന് ഐക്യദാർഢ്യവുമായാണ് ജനങ്ങൾ ഇവിടെ പ്രാർത്ഥനയ്ക്കെത്തുന്നത്.
അതേ സമയം, കൊറോണ പോലൊരു രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കുട്ടികളടക്കമുള്ളവർ ഇത്തരമൊരിടത്ത് എത്തുന്നത് ആശങ്കാജനകമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 10,192 പേർക്കാണ് ഓസ്ട്രിയയിൽ ഇതേവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 128 പേർക്ക് ജീവൻ നഷ്ടമായി. ഓസ്ട്രിയയിൽ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ അവശ്യസാധനങ്ങൾ വില്ക്കുന്ന കടകളിൽ നില്ക്കുന്നവർക്ക് ഫേസ് മാസ്‌ക് ധരിക്കുന്നത് കർശനമാക്കി. നിലവിൽ ഏപ്രിൽ 13 വരെ ഓസ്ട്രിയയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗം രാജ്യവ്യാപകമായി പടർന്നുപിടിക്കുന്നതിനാൽ ലോക്ക്ഡൗൺ ലഘൂകരിക്കുന്നത് നീളാമെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകുന്നുണ്ട്.