dd

നെയ്യാറ്റിൻകര: കൊവിഡ് 19 വ്യാപനം തടയാൻ രാജ്യമാകെ ലോക്ക് ഡൗൺ നടപ്പിലാക്കിയിരിക്കുമ്പോഴും പിരായുംമൂട് ചിറ്റാക്കോട് സ്വദേശി കെ. ഹരിദാസിന് വീട്ടിൽ കതകടച്ചിരിക്കാനാകില്ല. കാരണം വീടിന് സമീപത്തെ തന്റെ ഡെയറി ഫാമിലെ ഇരുപതോളം പശുക്കൾക്ക് ലോക്ക് ഡൗണിനെ കുറിച്ചറിയില്ല. അവക്ക് തീറ്റ കൊടുക്കണം, പാൽ കറക്കണം, ആ പാൽ വീടുകളിലെത്തിക്കണം. ഇങ്ങനെ ജീവിതത്തിലെ ജോലി ഭാരം നീളുമ്പോൾ എങ്ങനെ വീട്ടിൽ കതകടച്ചിരിക്കാനാണ് - ഹരി ചോദിക്കുന്നു. ജഴ്സി ഇനത്തിലും ഹോസ്റ്റിൻ ഇനത്തിലും പെട്ടവയാണ് പശുക്കൾ. ജഴ്സി പശുക്കളിൽ നിന്നും പതിനഞ്ച് ലിറ്ററോളവും ഹോസ്റ്റിൻ പശുക്കളിൽ നിന്നും ഇരുപത് ലിറ്ററോളവും പാൽ കിട്ടും. മൃഗ ഡോക്ടർമാരായ ഈശ്വരപിള്ളയും അനിൽകുമാറുമാണ് ഉപദേശകർ. 2018 ൽ സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ഏറ്റവും നല്ല ക്ഷീര കർഷകനുള്ള കിസാൻ കല്യാൺ കാര്യശാല അവാർഡ് നേടിയിട്ടുണ്ട്. കൂടിയ കാലിത്തീറ്റ വിലയും പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവും തമിഴ്നാട്ടിൽ നിന്നും വൈക്കോലെത്താത്തതും ഹരിയുടെ പശുവളർത്തലിനെ സാരമായി ബാധിക്കുന്നുണ്ടെങ്കിലും അതിലൊന്നിലും കുലുങ്ങാതെ ഈ ക്ഷീര കർഷകന്റെ യാത്ര മുന്നോട്ടു തന്നെയാണ്.

നൂറോളം വീട്ടുകാരുടെ ആശ്രയം

എന്നും വെളുപ്പിന് 3 ന് ഹരിദാസ് ഉണരും. ഒരു മണിക്കൂർ പശുക്കളുടെ തൊഴുത്ത് ക്ലീനാക്കും. പിന്നീട് ഇരുപത് പശുക്കളേയും കറക്കണം. ഭാര്യ മായാദേവിയും പ്ലസ് വണിന് പഠിക്കുന്ന മകനും എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും ഒപ്പം കൂടും. പിന്നീട് ചെറുകവറുകളിലാക്കിയ പാൽ ബൈക്കിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള നൂറോളം വീടുകളിലെത്തിക്കണം. പാൽ കൊണ്ടു കൊടുക്കാൻ മകനും സഹായിയായി ഉണ്ടാകും. മിച്ചം വരുന്ന പാൽ സൊസൈറ്റികളിൽ നൽകും.

മെഡിക്കൽ റെപ്രസന്റേറ്റീവിൽ

നിന്ന് ക്ഷീരകർഷകനിലേക്ക്

ഒരു മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ റെപ്രസന്റേറ്റീവായി ജീവിതമാരംഭിച്ച ഹരിദാസ് പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ഇടം നേടിയിട്ടും ആ വഴി പോകാത്തത് കാർഷിക വൃത്തിയോടുള്ള അഭിനിവേശം കാരണമാണ്. ആദ്യം കോഴി വളർത്തലായിരുന്നു.

ഇരുപത് വർഷത്തോളമായി പശുവളർത്താൻ തുടങ്ങിയിട്ട്. ഒരു പശുവിൽ നിന്നും ക്ഷീര കാർഷിക ജീവിതം തുടങ്ങി ഇന്ന് ഇരുപത് പശുക്കളെ വാങ്ങി വളർത്താനായതിന് പിന്നിൽ സ്വന്തം കഠിനാദ്ധ്വാനം മാത്രമാണെന്നും അധികൃതരുടെ യാതൊരു വിധ പ്രോത്സാഹനവുമില്ലെന്നും ഹരി പറയുന്നു.

പ്രാധാന്യം വൃത്തിക്ക്

ഡെയറി ഫാമിൽ നിന്നുള്ള ഗോമൂത്രവും മറ്റും ഒഴുകിയെത്തുന്നത് തൊട്ടടുത്തായി ഹരി പാട്ടത്തിനെടുത്ത് പുല്ല് കൃഷി നടത്തുന്ന രണ്ടരയേക്കർ പാടത്തേക്കാണ്. ഇവിടേക്ക് ഇവ ഒഴുകിപ്പോകാൻ പിവി.സി പൈപ്പ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുന്നുമുണ്ട്. ക്ഷീരമേഖലയിൽ വൃത്തിക്ക് വളരെ പ്രാധാന്യമുണ്ടെന്ന് ഹരി അടിവരയിട്ടു പറയുന്നു.