liquor-

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ ഭാഗമായി മദ്യം കിട്ടാതായതോടെ അമിത മദ്യാസക്തിയുള്ളവരിൽ പലർക്കും ചിത്തഭ്രമം. ഉറക്കമില്ലായ്മയും മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെ സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള 14 ഡി അഡിക്ഷൻ സെന്ററുകളും നിറഞ്ഞു. ഇക്കഴിഞ്ഞ 23ന് ശേഷം ഇന്നലെ വരെ സംസ്ഥാനത്തെ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സ തേടിയവരുടെ എണ്ണം 542 ആയി. മദ്യം കിട്ടാതെ വിറയലും വിവിധ തരത്തിലുള്ള മനോവിഭ്രാന്തിയും പ്രകടിപ്പിക്കുന്ന ഇവരെ വിട്ടയയ്ക്കുന്നത് അപകടമായതിനാൽ സ്ഥല പരിമിതികൾ കൂട്ടാക്കാതെ മുഴുവൻ പേരെയും നിർബന്ധിത ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ് വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിലെ ഡോക്ടർമാർ.

ഭീതി, സംശയം, അക്രമവാസന

മദ്യാസക്തിയുള്ള ഇവരിൽ പലരും മറവി,​ അകാരണമായ ഭീതി,​ സംശയം,​ അക്രമവാസന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആശുപത്രികളിൽ പ്രവേശിച്ചിരിക്കുന്നത്. മദ്യം കിട്ടാതായതിന് അടുത്ത ദിവസം മുതൽ ഉറക്കമില്ലാതെ പിച്ചും പേയും പറയുകയും അലറി വിളിക്കുകയും അക്രമങ്ങൾ കാട്ടുകയും ചെയ്തവരാണ് ഇവരിൽ പലരും. രാത്രിയിൽ ആനകുത്താൻ വരുന്നതായും വീടിന് തീപിടിച്ചതായും തോന്നി അലറിവിളിച്ചവരും വീടിന്റെ പരിസരത്ത് ഇല അനങ്ങിയതിന് വാഴച്ചുവട്ടിൽ ഭാര്യയുടെ ജാരൻ വന്നെന്ന് പറഞ്ഞ് വാഴക്കൂട്ടം വെട്ടി നിരത്തുകയും ഭാര്യയെ അക്രമിക്കുകയും ചെയ്തയാളുമുണ്ട്.

സമ്പൂർണ ലോക്ക് ഡൗണിൽ ഗതാഗതം നിലച്ചതിനാൽ കഞ്ചാവ് ലഭിക്കാത്തതിന്റെ പരാക്രമം കാട്ടുന്നവരും നിരവധിയാണ്. പതിനാറുകാരനുൾപ്പെടെ കഞ്ചാവിനടിമയായ നിരവധിപേരും ഡി അഡിക്ഷൻ സെന്ററുകളിലുണ്ട്. അക്രമം അതിരുവിടുമ്പോൾ സഹികെട്ട് വീട്ടുകാരാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ എക്സൈസിനെ അറിയിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇവരിൽ പലരെയും അടുത്തുള്ള വിമുക്തി ഡ‌ി അഡിക്ഷൻ സെന്ററുകളിലാക്കിയത്. മദ്യാസക്തിയുള്ളവരിൽ വിഡ്രോവൽ സിൻഡ്രം കാട്ടുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ആത്മഹത്യാപ്രവണത കാട്ടുന്നവരും ഏറെയാണ്.

ഇത്തരക്കാരെ ചികിത്സിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ വിമുക്തി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല. മരുന്നും ചികിത്സയും സൗജന്യമായതിനാൽ ലഹരിമുക്ത ചികിത്സയ്ക്ക് വിമുക്തി കേന്ദ്രങ്ങളെയാണ് ആളുകൾ ഇപ്പോൾ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ വൻ പണചെലവുള്ള ചികിത്സയാണിത്.

സൈക്കാട്രിസ്റ്റുകളില്ല

ഡി അഡിക്ഷൻ സെന്ററുകളിൽ രോഗികളുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായത്ര മനോരോഗ വിദഗ്ദരില്ലാത്തത് സെന്ററുകളുടെ പ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ സൈക്കാട്രിസ്റ്റുകളുടെ സേവനമാണ് വിമുക്തി പ്രവർത്തനത്തിന് ഉപയോഗപ്പെടുത്തിയിരുന്നത്. കൊറോണ പ്രതിരോധ നിയന്ത്രണത്തെ തുടർന്ന് വിഡ്രോവ‍ൽ സിൻഡ്രോത്തിനിരയായവരുടെ എണ്ണം പെരുകിയതോടെ വിമുക്തി സെന്ററുകളിലെ ചികിത്സയും വെല്ലുവിളിയായിട്ടുണ്ട്.

സ്ഥിരമായി മദ്യപാനം ശീലമാക്കിയ ഒരാൾ പെട്ടെന്ന് അത് നിർത്തുമ്പോൾ തലച്ചോർ അസാധാരണമായി പ്രവർത്തിക്കും. പെട്ടെന്ന് ആ ശീലത്തിൽ നിന്ന് വിട്ടുപോരാനുള്ള ശരീരത്തിന്റെ വൈമനസ്യമാണ് ഇത്തരം ബുദ്ധിമുട്ടുകൾ. കാണാത്തത് പലതും കാണുന്നതായും, കേൾക്കാത്തത് കേൾക്കുന്നതായും, ആക്രമണ സ്വഭാവവും, ഇൻസോമാനിയ, സംശയം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മദ്യപാനം ശീലമാക്കിയ എൺപത് ശതമാനം ആളുകളിലും തിയാമിന്റെ അളവ് കുറയുകയും വെർനിക് കോർസകോഫ് സിൻട്രോം എന്ന രോഗം തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ നാഡീഞരമ്പുകളെയും ഇത് ബാധിക്കും. വിദഗ്ദ ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ് പരിഹാരം.

- ഡോ. മോഹൻറോയ്,​ ആർ.എം.ഒ,​ മെഡിക്കൽ കോളേജ് ,​ തിരുവനന്തപുരം