കൊവിഡ് -19 ആധിയിൽ വിറങ്ങലിച്ചുകഴിയുന്ന രാജ്യത്തിന് ഡൽഹിയിലെ തബ്ലീഗ് സമ്മേളനം പുതിയൊരു ആരോഗ്യ പ്രതിസന്ധി കൂടി സൃഷ്ടിച്ചിരിക്കുകയാണ്. മാർച്ച് ഒന്നിനും 19-നുമിടയ്ക്കു നടന്ന രണ്ട് സമ്മേളനങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി എണ്ണായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിൽ നിന്ന് മുന്നൂറിലേറെപ്പേർ പ്രതിനിധികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്നതാണ് നമ്മുടെ വേവലാതി വർദ്ധിപ്പിക്കുന്നത്. ഇവരിൽ എൺപതോളം പേർ ഇതിനകം നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. നൂറ്റി അൻപതോളം പേർ ഡൽഹിയിൽ നിന്ന് മറ്റിടങ്ങളിലേക്കു പോയതായാണു വിവരം. ലോക് ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് ഇവരും വീടുകളിൽ മടങ്ങിയെത്തും. രോഗവ്യാപനം തടയുന്നതിൽ ഇതുവരെ സ്തുത്യർഹമായ കരുതൽ നടപടികളുമായി നിൽക്കുന്ന സംസ്ഥാന സർക്കാരിനു ശ്രമകരമായ വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ ഈ സംഭവവികാസം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരിൽ 340 പേർക്ക് ഇതിനകം കൊവിഡ് -19 രോഗം സ്ഥിരീകരിച്ചതായാണു റിപ്പോർട്ട്. ഇവരിൽ നിരവധി മലയാളികളുമുണ്ട്. രോഗലക്ഷണങ്ങളുമായി നൂറുകണക്കിന് പേരെ ഡൽഹിയിലെ ആശുപത്രികളിലാക്കിയിട്ടുണ്ട്.
തബ്ലീഗ് ജമാ അത്തിന്റെ കേന്ദ്ര ആസ്ഥാനമാണ് നിസാമുദ്ദീനിലുള്ളത്. സമ്മേളനത്തിൽ പങ്കെടുത്ത് തങ്ങളുടെ സംസ്ഥാനങ്ങളിലേക്കു മടങ്ങിയവരിൽ പലരും ആശുപത്രിയിലായിട്ടുണ്ട്. തെലങ്കാനയിൽ കൊവിഡ് -19 പിടിപെട്ട് മരിച്ചവരിൽ ആറുപേർ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും മരണം ഉണ്ടായിട്ടുണ്ട്. കടൽ കടന്ന് കൊവിഡ് -19 ആൻഡമാനിലും എത്തി. അവിടെ രോഗം സ്ഥിരീകരിച്ച പത്തുപേരിൽ ആറുപേരും തബ്ലീഗ് സമ്മേളന പ്രതിനിധികളാണ്. തമിഴ്നാട്ടിൽ നിന്ന് സമ്മേളനത്തിൽ സംബന്ധിച്ച 45 പേർക്ക് രോഗബാധയുണ്ടായി. അനവധി പേർ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. ഇതുപോലെ തന്നെയാണ് മറ്റു ചില സംസ്ഥാനങ്ങളിലെ സ്ഥിതിയും. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയവരെ തേടി സംസ്ഥാനങ്ങൾ ഇപ്പോൾ നെട്ടോട്ടത്തിലാണ്. കേരളത്തിൽ നിന്ന് പോയവരുടെ പട്ടിക തയ്യാറാക്കി എല്ലാവരെയും കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.
രാജ്യത്ത് കൊവിഡ് -19 രോഗം പത്തിവിടർത്തിയാടാൻ തുടങ്ങിയ ഘട്ടത്തിൽത്തന്നെ എല്ലാവിധ സമ്മേളനങ്ങൾക്കും ഒത്തുകൂടലുകൾക്കും നിരോധനമേർപ്പെടുത്തിയതാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും തലസ്ഥാനത്ത് ആളുകളുടെ ഒത്തുചേരൽ സമ്പൂർണമായി വിലക്കിയിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിലക്കുകളും ആരോഗ്യ സുരക്ഷാ വകുപ്പുകളുടെ മുന്നറിയിപ്പുകളുമൊക്കെ പ്രാബല്യത്തിലിരിക്കെ രാജ്യതലസ്ഥാനത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത മതസമ്മേളനം നിർബാധം എങ്ങനെ നടന്നുവെന്നത് ഗൗരവമായ ചോദ്യമുയർത്തുന്നു. സർക്കാരുകളുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ദുർബലമാണെന്ന് ബോദ്ധ്യമാക്കുന്നതാണ് ഇതൊക്കെ. സമ്മേളന പ്രതിനിധികളിൽ പലരും കൊവിഡ് -19 പിടിപെട്ട് അവശരായി ആശുപത്രികളിൽ എത്താൻ തുടങ്ങിയപ്പോഴാണ് ഭരണാധികാരികൾ ഉണർന്നത്. തബ്ലീഗ് ആസ്ഥാനത്ത് അപ്പോഴും തങ്ങിയവരെ ഒഴിപ്പിക്കാൻ അധികൃതർക്ക് നന്നേ പാടുപെടേണ്ടിവന്നുവെന്നാണ് കേൾക്കുന്നത്. കൊവിഡ് -19 എന്ന മഹാമാരിയുടെ ഭീകരസ്വഭാവം തിരിച്ചറിയാത്തതാണോ അതോ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതില്ലെന്ന മനോഭാവമാണോ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതെന്ന് വ്യക്തമല്ല. എന്തുതന്നെയായാലും കരുതലില്ലായ്മ കാരണം സംഭവിച്ച കൂടിച്ചേരലിന് സമൂഹം ഒന്നടങ്കം ശിക്ഷ അനുഭവിക്കേണ്ടിവന്നിരിക്കുകയാണ്. അതേസമയം വിലക്കുകൾ ലംഘിച്ചില്ലെന്നും 19ന് സമ്മേളന സമാപനത്തിനുശേഷം പൊതുഗതാഗതം നിലച്ചതിനാൽ കുടുങ്ങിയവരാണ് അവിടെ കഴിഞ്ഞതെന്നുമാണ് തബ് ലീഗ് നേതൃത്വം പറയുന്നത്.മർക്കസ് അടയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് 24ന് ആണെന്നും ആയിരത്തോളം പേർക്ക് മടങ്ങാൻ വാഹനം ചോദിച്ചിട്ട് ലഭിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഡൽഹിയിൽ നിന്നു മടങ്ങിയ പ്രതിനിധികൾ ട്രെയിനുകളിലും വിമാനത്തിലും ബസുകളിലുമൊക്കെ പലരോടൊപ്പം യാത്രചെയ്തിട്ടുണ്ടാകും. എല്ലാവരെയും തേടിപ്പിടിച്ച് നിരീക്ഷണത്തിലാക്കേണ്ട ഭാരിച്ച ഉത്തരവാദിത്വമാണ് അതത് സംസ്ഥാനത്തെ ആരോഗ്യമേഖലയിലുള്ളവരിൽ വന്നുചേർന്നിരിക്കുന്നത്. ഡൽഹിയിൽ മാത്രമല്ല മലേഷ്യയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിലും ഇവിടെ നിന്നുള്ളവർ സംബന്ധിച്ചിട്ടുണ്ട്. അവരെയും നിരീക്ഷിക്കേണ്ടിവരും. ഡൽഹി സമ്മേളനത്തിന് മലേഷ്യ, ഇൻഡോനേഷ്യ, തായ്ലൻഡ്, സൗദി അറേബ്യ തുടങ്ങി പതിനെട്ടോളം രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളെത്തിയിരുന്നു. മാർച്ച് 24-ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കാരണമാണ് പ്രതിനിധികൾക്ക് മടങ്ങാൻ കഴിയാതെ പോയതെന്നാണ് സംഘാടകരുടെ നിലപാട്. എന്നാൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്ന ശേഷവും അവിടെത്തന്നെ തുടരാൻ പ്രതിനിധികളിൽ നല്ലൊരു പങ്ക് ശ്രമിച്ചതാണ് രോഗവ്യാപനം സൃഷ്ടിച്ചതെന്നാണ് അധികൃതരുടെ പക്ഷം. ഒഴിവാക്കാമായിരുന്ന ഇത്തരത്തിലൊരു ആരോഗ്യഭീഷണി സൃഷ്ടിച്ചതിൽ ഇരുകൂട്ടരുടെയും ഉത്തരവാദിത്വം കുറച്ചുകാണേണ്ടതില്ല. തക്കസമയത്ത് ഇടപെടേണ്ടത് അധികൃതരുടെ ഉത്തരവാദിത്വവുമായിരുന്നു. നിയന്ത്രണങ്ങൾ അറിഞ്ഞുകൊണ്ട് ലംഘിച്ചതിന് സമ്മേളനത്തിന്റെ സംഘാടകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ടൂറിസ്റ്റ് വിസയിൽ എത്തി മതസമ്മേളനത്തിൽ പങ്കെടുത്തതിന് എണ്ണൂറിലധികം വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ ആജീവനാന്ത വിസാവിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. ഇന്റലിജൻസ് കണ്ണുകൾ തുറന്നുവച്ചിരുന്നുവെങ്കിൽ അസുഖകരമായ ഇത്തരം നടപടികൾ ഒഴിവാക്കാമായിരുന്നു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്ത് എല്ലായിടത്തും ആരാധനാലയങ്ങൾ ദിവസങ്ങളായി അടച്ചിട്ട നിലയിലാണ്. പവിത്രമായി കരുതപ്പെടുന്ന ചടങ്ങുകൾ പോലും ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. മനുഷ്യന്റെ ജീവരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് കരുതി നാനാജാതിമതസ്ഥരും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി പരിപൂർണമായി സഹകരിക്കുകയാണ്. മതസമ്മേളനം പോലുള്ള ചടങ്ങുകൾക്ക് ഇത് കഴിഞ്ഞും സമയവും സാവകാശവുമുണ്ട്. നിർദ്ദോഷികളായ എത്രയോ മനുഷ്യരാണ് ചിലരുടെ വിവേകശൂന്യമായ പെരുമാറ്റം കാരണം കഷ്ടത്തിലായിരിക്കുന്നത്.