pallbearers

പാരീസ്: മണിയടി ശബ്‌ദം വടക്കൻ ഫ്രാൻസിലെ ബെത്യൂണിലെ ഒരു സെമിത്തേരിയിലെ മൂകതയെ കീറിമുറിച്ചു. ബ്രദർഹുഡ് ഒഫ് സെന്റ് എലോയ് എന്ന കൂട്ടായ്മയിലെ അഞ്ച് അംഗങ്ങൾ ഒരു ശവപ്പെട്ടിയുമായി കല്ലറയിലേക്ക് നീങ്ങുകയാണ്. തങ്ങളുടെ ഫ്രഞ്ച് ബൈക്കോൺ തൊപ്പി ഊരി ശവപ്പെട്ടി നോക്കി ആചാര പ്രകാരം അഭിവാദ്യം അർപ്പിച്ചു. കൊറോണ ആയതിനാൽ എല്ലാവരുടെയും മുഖത്ത് മാസ്കുകളുണ്ട്. കറുത്ത സ്യൂട്ടും കൈയ്യിൽ വെള്ള ഗ്ലൗസുമണിഞ്ഞ അവർ ഫ്രാൻസിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൊണ്ടുപോകുന്നവരാണ്.

എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് വടക്കൻ ഫ്രാൻസിലെ ജനസംഖ്യയെ ഒന്നടങ്കം തുടച്ചു മാറ്റിയ പ്ലേഗ് ദുരന്തകാലഘട്ടത്തിൽ സ്ഥാപിതമായ ഈ കൂട്ടാ‌യ്‌മ അന്നുമുതൽ വീടോ ബന്ധുക്കളോ ഇല്ലാത്ത നിലാരംബരായവർക്ക് ഔപചാരിക ബഹുമതികളോടു കൂടിയ ശവസംസ്‌കാരച്ചടങ്ങുകൾ ഒരുക്കുകയാണ്. ഇപ്പോൾ കൊറോണ വൈറസിനും തങ്ങളുടെ കടമയിൽ നിന്നും ഇവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവനെന്നോ സമ്പന്നനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ പരിഗണനകളോട് കൂടി ശവസംസ്‌കാരം ഇവർ നടത്തുന്നു.

1188ൽ സ്ഥാപിതമായ ബെത്യൂണിലെ ബ്രദർഹുഡ് ഒഫ് സെന്റ് എലോയ്‌യിൽ ഇപ്പോൾ 25 അംഗങ്ങളാണുള്ളത്. ബെത്യൂണിൽ വർഷം ഏകദേശം 300 ഓളം ശവസംസ്‌കാരച്ചടങ്ങുകളാണ് ഇവരുടെ മേൽനോട്ടത്തിൽ നടത്തുന്നത്. കൊറോണ കാരണം ഫ്രാൻസിൽ മരിച്ച ആരോരുമില്ലാത്തവരെയെല്ലാം സംസ്‌കരിക്കാൻ ഈ ബ്രദർഹുഡ് ആംഗങ്ങളുണ്ടായിരുന്നു. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഫ്രാൻസിൽ ശവസംസ്‌കാര ചടങ്ങുകൾക്ക് ആളുകൾ ഒത്തുകൂടുന്നതിന് വിലക്കുണ്ട്. മിക്ക സെമിത്തേരികളും ശവസംസ്‌കാരത്തിനല്ലാതെ തുറന്ന് കൊടുക്കില്ല. അതും വിരലിലെണ്ണാവുന്നവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.

രാജ്യം മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് ബ്രദർഹുഡ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. സംസ്‌കാരവേളകളിലും അകലം പാലിച്ചു നില്ക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. നിയന്ത്രണം നിലനില്ക്കുന്നതിനാൽ അഞ്ച് വോളന്റിയമാർ മാത്രമാണ് ചടങ്ങിലെത്തുന്നത്. സാധാരണ 11 പേരായിരുന്നു എത്തുന്നത്. അസുഖം ബാധിച്ച ഒരാൾ ചികിത്സ അർഹിക്കുന്നത് പോലെ തന്നെ മരിച്ച ഒരു വ്യക്തി അർഹമായ സംസ്‌കാരവും അർഹിക്കുന്നുവെന്ന് ഇവർ പറയുന്നു.