കല്ലമ്പലം: കോവിഡ് 19 ഭീതിയെതുടർന്ന് വിദ്യാലയങ്ങൾ അടച്ചതോടെ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങികൂടേണ്ടിവന്ന കുരുന്നുകൾക്ക് മുത്തശ്ശിമാർ പകർന്നു നൽകുന്ന നാട്ടറിവ് വിജ്ഞാനവും വിനോദവും കൗതുകവുമായി. സാധാരണ സ്കൂൾ അടച്ചാൽ കുടുംബവുമായി ഉല്ലാസയാത്രയ്ക്ക് പോവുകയാണ് ഒട്ടുമിക്ക കുടുംബങ്ങളും ചെയ്യുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിലവിലെ സാഹചര്യം ഉല്ലാസയാത്രയ്ക്ക് പറ്റാതായി. ഇതോടെ കുട്ടികൾ വീടുകളിലെ മുത്തശ്ശിമാരെയും മുത്തച്ഛന്മാരെയും കൂട്ടുപിടിക്കാൻ തുടങ്ങി. പൊതുവേ തിരക്കുള്ള കൊച്ചുമക്കളെ ലാളിക്കാൻ കിട്ടിയ സമയം മുത്തശ്ശിമാരും പാഴാക്കി കളഞ്ഞില്ല. കുട്ടികളെ അടുത്തിരുത്തി പഴയകാല സ്മരണകൾ അയവിറക്കി ഓർമയിൽ നിന്ന് ചികഞ്ഞെടുത്ത് പറഞ്ഞ കഥകളും കവിതകളും കുട്ടികളിൽ അറിവിന്റെ വാതായനങ്ങൾ തുറന്നു.
നാവായിക്കുളം ഡീസന്റ് മുക്ക് കിഴക്കേവിള വീട്ടിൽ പത്മാവതി അമ്മ (88)യുടെ ഓർമ്മയിൽ നിന്ന് വസൂരി കാലം മാഞ്ഞിട്ടില്ല.
വസൂരി എന്ന മഹാമാരിയിൽ നിന്ന് രക്ഷപ്പെടുക അസാദ്ധ്യമായിരുന്നുവെന്നും ആരോഗ്യ മേഖലയിൽ ഇന്നത്തെ പുരോഗതി അന്നുണ്ടായിരുന്നില്ലെന്നും അസുഖം ബാധിച്ചാൽ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു പതിവെന്നും പത്മാവതി അമ്മ പറയുന്നു.
സ്കൂളും ട്യൂഷനും പഠിത്തവുമായി കുട്ടികളും, ടി.വിയും മൊബൈലും കംപ്യൂട്ടറുമായി മാതാപിതാക്കളും തിരക്കിലായിരുന്നപ്പോൾ ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമുണ്ടായിരുന്നില്ല. എല്ലാവർക്കും ഒന്ന് പിറകിലോട്ടു ചിന്തിക്കാൻ കോവിഡ് 19 ഒരു നിമിത്തമായെന്ന് മുത്തശ്ശി പറഞ്ഞു.