liquor-

തിരുവനന്തപുരം: ലോക്ക് ഡൗണിൽ മദ്യം കിട്ടാതെ ശാരീരിക അവശതകൾ നേരിടുന്നവർക്ക് ഡോക്ടർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മദ്യം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതിന് പെർമിറ്റ് ഫീസ് ഉൾപ്പെടെ കടമ്പകൾ പലത് കടക്കണം. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട് ലറ്റുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഗോഡൗണുകളിൽ നിന്ന് വേണം മദ്യം വാഹനങ്ങളിൽ കയറ്റി ആവശ്യക്കാരുടെ വീടുകളിലെത്തിക്കാൻ. അബ്കാരി ലൈസൻസ് ചട്ട പ്രകാരം ബിവറേജസ് ഗോഡൗണുകൾ എഫ്.എൽ-9 ലൈസൻസ് പട്ടികയിൽപ്പെട്ട സ്ഥാപനമാണ്. ബെവ്കോ ഔട്ട് ലറ്റ് എഫ്.എൽ-1 ലൈസൻസിലുൾപ്പെടുന്നതും. എഫ്.എൽ-9 ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മദ്യം കൊണ്ടുപോകണമെങ്കിൽ അബ്കാരി ചട്ടപ്രകാരം അതിന് പെർമിറ്റ് ഫീസ് ഒടുക്കണം. 1500 രൂപയാണ് നിലവിൽ ഫീസ്. ഗോഡൗണിൽ നിന്ന് ഒരു കുപ്പിമദ്യമായാലും ഒരുലോഡ് മദ്യമായാലും വാഹനത്തിൽ കൊണ്ടുപോകുന്നതിന് പെർമിറ്റ് ഫീ ഒടുക്കിയേ മതിയാകൂ.

ഡി അഡിക്ഷൻ ട്രീറ്റ്‌‌മെന്റിന്റെ ഭാഗമായി രോഗികൾക്ക് മദ്യം നൽകാനുള്ള തീരുമാനത്തിൽ ഡോക്ടർമാരുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുണ്ടെന്നിരിക്കെ പെർമിറ്റ് ഫീ ഇല്ലാതെ മദ്യം നൽകിയാൽ പിന്നീട് ഓഡിറ്റ് ഒബ്ജക്ഷനും ചുമതലക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നടപടികൾക്കും സാദ്ധ്യത ഉണ്ടെന്നിരിക്കെ ബിവറേജസ് ജീവനക്കാർ ആശയക്കുഴപ്പത്തിലാണ്. ഡി അഡിക്ഷൻ ട്രീറ്റ് മെന്റിനെത്തുന്ന രോഗികൾക്ക് ചികിത്സയുടെ ഭാഗമായി മദ്യം നൽകണമെന്ന നിർദേശത്തെ സർക്കാർ ഡോക്ടർമാരുടെ സംഘടന എതിർത്തിരിക്കുന്നതാണ് മറ്റൊരു പ്രശ്നം. സിവിൽ സർജനിൽ കുറയാത്ത സർക്കാർ ഡോക്ടർമാർ പേരും സീലും സഹിതം ഡി അഡിക്ഷൻ ട്രീറ്റ്‌‌മെന്റിലുള്ള രോഗിയാണെന്ന് സാക്ഷ്യപത്രം നൽകിയാലേ ബന്ധപ്പെട്ട എക്സൈസ് ഇൻസ്പെക്ടറുടെ ശുപാർശപ്രകാരം ബെവ്കോയിൽ നിന്ന് മദ്യം നൽകൂ. ഇക്കാര്യത്തിൽ സർക്കാർ ഡോക്ടർമാരെ നിർബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഡോക്ടർമാരിൽ നല്ലൊരു ശതമാനവും മദ്യം ശുപാർശചെയ്യാനുള്ള സാദ്ധ്യതയും വിരളമാണ്. ഡോക്ടർമാരുടെ തീരുമാനം എന്താകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരവേ മദ്യം വീട്ടിലെത്തിക്കുന്നതിനുള്ള നിബന്ധനകൾ ബെവ്കോ എം.ഡി സ്പർജൻകുമാർ ഇന്ന് പുറത്തിറക്കി.

വില അധികമില്ലാത്ത റമ്മും ബ്രാൻഡിയുമേ വിതരണം ചെയ്യാവൂവെന്നും ബിയറും വൈനും പാടില്ലെന്നും 3 ലീറ്ററിൽ അധികം മദ്യം നൽകരുതെന്നും എം..ഡിയുടെ ഉത്തരവിൽ പറയുന്നു. മദ്യം വീട്ടിലെത്തിക്കുന്നതിന് 100 രൂപ സർവ്വീസ് ചാർജ് ഈടാക്കണമെന്നും നിർദേശിക്കുന്നു.

മദ്യവിതരണത്തിനായി ഒരു വാഹനത്തിൽ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനിൽനിന്ന് വാങ്ങണം. മദ്യവിതരണത്തിനുള്ള വാഹനത്തിന് അകമ്പടിക്കായി പൊലീസുകാരുടെയും എക്സൈസിന്റെയും സേവനം തേടണമെന്നും സ്പർജൻ കുമാർ നിർദേശിച്ചു.

ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിന് കീഴിൽ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ച് മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയർഹൗസ് മാനേജർമാർ തയാറാക്കണം. ആവശ്യമെങ്കിൽ രണ്ടിൽ കൂടുതൽ ജീവനക്കാരെ മദ്യവിതരണത്തിന് നിയോഗിക്കാം. വെയർഹൗസിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണം.

മദ്യം വിതരണം ചെയ്യാൻ തയാറാകാത്ത ജീവനക്കാരുടെ പട്ടിക ബെവ്കോ ആസ്ഥാനത്ത് അറിയിക്കണം. ആവശ്യത്തിന് ലേബലിംഗ് ജോലിക്കാരെയും ചുമട്ടു തൊഴിലാളികളെയും വെയർഹൗസ് മാനേജർ ഏർപ്പെടുത്തണം. മദ്യം വിതരണം ചെയ്യുമ്പോൾ കൈകൊണ്ടെഴുതിയ ബില്ലാണ് നൽകേണ്ടത്. ബില്ലുകൾ ആസ്ഥാനത്തേക്ക് അയക്കണം. മദ്യം വിതരണം ചെയ്തശേഷം പണം ഈടാക്കി ഇതുസംബന്ധിച്ച പാസിന്റെ ഫോട്ടോ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തണം. ഒരു ദിവസം എത്രപേർക്ക് മദ്യം നൽകി, എത്ര മദ്യം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങൾ വെയർഹൗസ് മാനേജർ ദിവസേന ബെവ്കോ ആസ്ഥാനത്ത് അറിയിക്കണം.

പെർമ്മിറ്റ് ഫീസിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരവേ സർവീസ് ചാർജിൽ നിന്ന് പെർമിറ്റ് ഫീ ഒടുക്കി ലൈസൻസ് വ്യവസ്ഥ പാലിക്കാമെന്ന നി‌ർദേശവും ബിവറേജസ് കോർപ്പറേഷന്റെ പരിഗണനയിലാണ്. ഇന്ന് ഡ്രൈ ഡേ ആയതിനാൽ മദ്യവിതരണം നടത്താൻ കഴിയില്ലെന്നിരിക്കെ നാളെയോടെ ഇക്കാര്യത്തിൽ വ്യക്തത വന്നേക്കും.