തിരുവനന്തപുരം: കൊറോണ കാലത്ത് അങ്ങകലെ ജോർദ്ദാനിൽ മകൻ പെട്ടുപോയതിന്റെ ടെൻഷനിലാണ് മല്ലിക സുകുമാരൻ. നടൻ പൃഥ്വിരാജും സംഘവും 'ആടുജീവിത'ത്തിന്റെ ഷൂട്ടിംഗിന് ജോർദ്ദാനിൽ പോയപ്പോഴാണ് അവിടെ കർഫ്യൂ വന്നത്. തിരിച്ചു പോരാൻ തീരുമാനിച്ചപ്പോൾ രാജ്യത്തിന്റെ അതിർത്തിയും അടച്ചു. വലിയ അപകടത്തിലാണ് സംഘമെന്ന തരത്തിൽ വാർത്തകൾ വന്നു.
ഉൽക്കണ്ഠയുടെ ദിനങ്ങൾ താണ്ടുന്നതിനിടെയാണ് മല്ലികയ്ക്ക് ലൈൻ പ്രൊഡ്യൂസർ വഴി മകനെ ഫോണിൽ കിട്ടിയത്. 'അമ്മേ, ഞങ്ങൾക്കിവിടെ ഒരു കുഴപ്പവുമില്ല, ഹോട്ടലിലാണ് കഴിയുന്നത്. നല്ല ഫുഡ് കിട്ടുന്നുണ്ട്. മൂന്നു ദിവസം കൂടുമ്പോൾ വൈദ്യ പരിശോധനയുമുണ്ട്. ഇപ്പോഴത്തെ നിയന്ത്രണം മാറിക്കഴിയുമ്പോൾ ആദ്യത്തെ വിമാനത്തിൽ ഞങ്ങളങ്ങ് എത്തും.'- ഇത് കേട്ടപ്പോൾ വല്ലാത്ത ആശ്വാസം. കുറച്ചു കഴിഞ്ഞ് മരുമകൾ സുപ്രീയ കൊച്ചിയിൽ നിന്ന് വിളിച്ചു ''അമ്മേ ,ടെൻഷനടിക്കണ്ട. ജോർദ്ദാനിൽ എല്ലാവരും സേഫാണ്''-
അല്ലെങ്കിലും നമ്മൾ വസ്തുതകൾ തിരിച്ചറിഞ്ഞുവേണം പ്രതികരിക്കാനെന്നാണ് മല്ലികാ സുകുമാരന്റെ പക്ഷം. രാജ്യം ലോക്ക്ഡൗണിലാണ്. ജോർദ്ദാനിൽ കർഫ്യൂ . പിന്നെങ്ങനെ അവിടെ ഷൂട്ടിംഗിനെത്തിയവരെ ഉടനെ ഇവിടെ എത്തിക്കാനാവും? ഇവിടെത്തന്നെ എത്രയോ സിനിമയുടേയും ,സീരിയലിന്റെയുമൊക്കെ ഷൂട്ടിംഗ് മുടങ്ങി. പലരും പലയിടങ്ങിൽ പെട്ടു എന്റെ മകൻ സുരക്ഷിതനാണെന്ന് അറിയുന്നതിലാണ് സന്തോഷം. കേന്ദ്രമന്ത്രി വി.മുരളീധരൻ വിളിച്ചിരുന്നു. ജോർദ്ദാനിൽ ലൊക്കേഷനിലുള്ള എല്ലാവരും സുരക്ഷിതരാണെന്നും വിസയുടെ കാലാവധി തീരുന്നുവെന്ന ആശങ്ക വേണ്ടെന്നും. പറഞ്ഞു. വിമാന സർവീസ് തുടങ്ങുമ്പോൾ തന്നെ എല്ലാവരേയും എത്തിക്കാൻ നടപടിയെടുക്കുമെന്നും അറിയിച്ചു. എനിക്ക്. മുരളീധരനെ പരിചയമില്ല. പക്ഷെ, കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവുമെന്നറിയിച്ച് ഒരു കേന്ദ്രമന്ത്രി വിളിക്കുമ്പോൾ ചെറുതല്ല ആശ്വാസം. മന്ത്രി എ.കെ.ബാലനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നു- മല്ലിക സുകുമാരൻ പറഞ്ഞു.
പൃഥ്വിരാജും സംവിധായകൻ ബ്ളസിയും ഉൾപ്പെടെ 58 പേരാണ് ജോർദ്ദാനിലുള്ളത്. തന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറാവുന്ന നജീബാകാൻ തടി കുറച്ച്, താടിയും മുടിയും വളർത്തിയാണ് പൃഥ്വിരാജ് ജോർദാനിലേക്കു പോയത്.
അതിജീവനത്തിന്റെ കഥ
മനുഷ്യന്റെ സഹനശേഷിക്ക് നേരേ വിരൽ ചൂണ്ടുന്നതാണ് ബെന്യാമിന്റെ 'ആടുജീവിതം.' നായകൻ നജീബിന് ഇന്നലകളെക്കുറിച്ച് വ്യാകുലതയോ, നാളയെക്കുറിച്ച് ആകാംക്ഷയോ ഇല്ല. ഇന്നിനെ എങ്ങനെ നേരിടാമെന്ന് മാത്രം ചിന്തിച്ച് മസറയിൽ ഓരോ ജോലി ചെയ്യുമ്പോഴും, മനസ്സിലേക്ക് സ്വന്തം വീടും, നാടും, ഉമ്മയും ഭാര്യയുമെല്ലാം കടന്നുവരും. അവയെല്ലാം ഓർമ്മകൾ മാത്രമായി മാറുമോയെന്നായിരുന്നു നജീബിന്റെ ഭയം എന്നാൽ, മസറയിൽ നിന്ന് ഒളിച്ചോടിയ നിമിഷം അയാളുടെ മനസിൽ പുതുജീവൻ ഉടലെടുക്കുന്നു.