ലാഹോർ: പാക് സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ തുടരുന്നതിനിടയിലും കൊവിഡ് 19 പോസിറ്റീവ് കേസുകളില്‍ വലിയ വര്‍ദ്ധന. സമൂഹവ്യാപനം ചെറുക്കാനായി ജനങ്ങളോടു പരമാവധി വീടുകളില്‍ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാൽ ദിവസങ്ങൾ പിന്നിടുമ്പോഴും രോഗബാധിതരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,000 കവിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പാകിസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 2,039 ആയി.
പാക് പഞ്ചാബ് പ്രവശ്യയിലാണ് ഏറ്റവും കൂടുതൽപേർക്ക് രോഗം ബാധിച്ചത്. ഇവിടെ 708 പേർക്ക് രോഗം സ്ഥിരീകരിച്ചു. സിന്ധ് പ്രവശ്യയിൽ 676 പേർക്കാണ് രോഗബാധയുണ്ടായത്. 26 പേരാണ് ഇതുവരെ മരിച്ചത്. 12 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 82 പേർ രോഗമുക്തരായി. മുൻകരുതൽ ശക്തമാക്കി രോഗത്തെ തടയാനുള്ള നടപടികൾ സർക്കാർ എടുത്തെങ്കിലും കോവിഡ് ഭയം വിതച്ച് പടർന്നുകയറുകയാണ്.
ജനങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ എന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇത് വലിയ ഫലം ചെയ്തിട്ടില്ല. ആളുകള്‍ പതിവുപോലെ പുറത്തിറങ്ങുന്നുണ്ടെന്നും എന്നാല്‍ വീടുകളില്‍ പോകാൻ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയാണെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.