തിരുവനന്തപുരം: കൊവിഡ്-19 ലോക്ക്ഡൗൺ മൂലം നേരിടുന്ന അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്തിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഒരു മാസത്തെ ശമ്പളം എല്ലാ ജീവനക്കാരും നൽകണമെന്നാണ് അഭ്യർത്ഥന. ഇപ്പോൾ ലഭിച്ചു തുടങ്ങിയ മാർച്ച് മാസത്തെ ശമ്പളം തൊട്ടുതന്നെ സാലറി ചലഞ്ചിന് ജീവനക്കാർ തയ്യാറാവണം.
ഇതിനോട് ജീവനക്കാരുടെ സഹകരണം എത്രത്തോളമെന്ന് ഈ മാസം വിലയിരുത്തിയ ശേഷം തുടർനടപടി ആലോചിക്കും. സഹകരണം കുറഞ്ഞാൽ തെലങ്കാന മാതൃകയിൽ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് മന്ത്രിസഭ പരിഗണിച്ചത്. ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ നിന്ന് കൂടുതൽ തുക പിടിക്കാവുന്ന തരത്തിൽ സ്ലാബ് സമ്പ്രദായം ധനമന്ത്രി യോഗത്തിലവതരിപ്പിച്ചു. താഴ്ന്ന വിഭാഗക്കാരെ ഒഴിവാക്കി യു.ജി.സി സ്കെയിലടക്കമുള്ള ഉയർന്ന ശമ്പളം പറ്റുന്ന കോളേജദ്ധ്യാപകരുടെയും മറ്റും ശമ്പളത്തിൽ നിന്ന് പകുതി പിടിച്ച് ബാക്കി നൽകുന്നതിനുള്ള നിർദ്ദേശവുമുണ്ട്. അങ്ങനെ വരുമ്പോൾ ഇത്തരക്കാരുടെ സാലറി ചലഞ്ച് രണ്ട് മാസം കൊണ്ട് പൂർത്തിയാക്കാനാവും. പാർട്ട്ടൈം ജീവനക്കാരെയും മറ്റ് താഴ്ന്ന വരുമാനക്കാരെയും സാലറി ചലഞ്ചിൽ നിന്നൊഴിവാക്കാനാണ് തീരുമാനം.
ജീവനക്കാർക്ക് നിശ്ചിത ഗഡുക്കളായി തുക നൽകി സാലറി ചലഞ്ചിൽ സ്വമേധയാ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ജീവനക്കാരിൽ നല്ലൊരു വിഭാഗം സാലറി ചലഞ്ചിനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷ മുഖ്യമന്ത്രി പ്രകടിപ്പിച്ചു.
നിയമ വശം പരിശോധിക്കും
കഴിഞ്ഞ പ്രളയകാലത്ത് 53 ശതമാനം ജീവനക്കാർ മാത്രമാണ് സാലറി ചലഞ്ചിനൊപ്പം നിന്നതെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടി. 47ശതമാനം പേർ വിട്ടുനിന്നു. കോടതി വിധിയും തടസമായി. നിയമപരമായ വശങ്ങൾ കൂടി പരിശോധിച്ചാവണം തുടർ നടപടികളിലേക്ക് കടക്കാനെന്നാണ് മന്ത്രിസഭാ യോഗത്തിലെ ധാരണ.