കാട്ടാക്കട: ആദിവാസി ഊരുകളിലെ വന - വനേതര ഉത്പന്നങ്ങളുടെ വിപണനത്തിന് വനംവകുപ്പിന്റെ പുതിയ സംരംഭം. ഉത്പന്നങ്ങൾ നേരിട്ട് ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന 'വനിക' പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വിപണനം നിലച്ച സാഹചര്യത്തിലാണ് വനംവകുപ്പിന്റെ കർമ്മപദ്ധതി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന് കീഴിലെ കോട്ടൂർ സെക്ഷനിലെ ഫോറസ്റ്റ് ജീവനക്കാർ ആദിവാസി ഊരുകളിൽ നേരിട്ട് പോയി ഉത്ന്നങ്ങൾ ശേഖരിക്കും. തുടർന്ന് മാങ്കോട് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ വാട്സ് ആപ്പ് കൂട്ടായ്മ വഴി ഉപഭോക്താക്കളെ കണ്ടെത്തി ആവശ്യനുസരണം വീട്ടുമുറ്റത്ത് എത്തിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം ഡിവിഷന് കീഴിലെ അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്, നെയ്യാർ, പേപ്പാറ റേഞ്ചുകളിലെ ആദിവാസി ഊരുകളിൽ നിന്നാണ് ചെറുകിട വനവിഭവങ്ങളും മറ്റ് കാർഷിക വിഭവങ്ങളും ശേഖരിക്കുക. പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ നിർവഹിച്ചു. വൈൽഡ്‌ലൈഫ് വാർഡൻ ജെ.ആർ. അനി, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച് ഡെപ്യൂട്ടി വാർഡൻ എൻ.വി. സതീശൻ എന്നിവർചടങ്ങിൽ പങ്കെടുത്തു. വനവിഭവങ്ങളും വനത്തിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളും ആവശ്യമുള്ളവർ മാങ്കോട് ഇ.ഡി.സി സെക്രട്ടറിയുടെ 8547602958 എന്ന നമ്പറിൽ ബന്ധപ്പെടണം.
.