തിരുവനന്തപുരം: ഡോക്ടർമാരുടെ കുറിപ്പടിയുമായി എത്തുന്ന മദ്യത്തിന് അടിമയായവർക്ക് കുപ്പി വീട്ടിലെത്തിച്ചുനൽകുന്ന പദ്ധതിക്ക് ഇന്ന് തുടക്കമായേക്കും. ബെവ്കോയും എക്സൈസും സംയുക്തമായാണ് സർക്കാർ നിർദ്ദേശമനുസരിച്ച് ഇത് നടപ്പാക്കുന്നത്. ഇന്നലെ ബെവ്കോ എം.ഡി സ്പർജൻകുമാർ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഇതിനുള്ള മാർഗരേഖ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വീടുകളിലേക്ക് മദ്യവുമായി പോകുന്നവർക്ക് എക്സൈസ് അകമ്പടി നൽകണമെന്ന നിർദ്ദേശത്തോട് എക്സൈസുകാർക്കും വീടുകളിലേക്ക് മദ്യവുമായി പോകണമെന്നതിനോട് ഒരുവിഭാഗം ബെവ്കോ ജീവനക്കാർക്കും വിയോജിപ്പുണ്ട്. പദ്ധതിയുമായി സഹകരിക്കാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബെവ്കോ എം.ഡി മുന്നറിയിപ്പ് നൽകി. അതിനിടെ മദ്യം വാങ്ങാൻ കുറിപ്പടി നൽകണമെന്ന സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കരിദിനമാചരിച്ചു.ഡ്രൈ ഡേ ആയതിനാൽ ഇന്നലെ കുറിപ്പടിയുമായി മദ്യം വാങ്ങാൻ ആരും സമീപിച്ചിട്ടില്ല.
ബെവ്കോയുടെ ഉത്തരവിലുള്ളത്
1.ബെവ്കോയുടെ വെയർഹൗസുകളിലുള്ള വില കുറഞ്ഞ ബ്രാൻഡി, റം എന്നിവ പാസുള്ള വ്യക്തിയുടെ വിലാസത്തിൽ എത്തിച്ചു നൽകും.
2.ഇതിനായി മറ്റഡോർ, ടെമ്പോ ട്രാവലർ, എയ്‌സ് പോലുള്ള മൂടിയുള്ള വാനുകൾ ഏർപ്പാടാക്കും. സർവീസ് ചാർജായി 100 രൂപ ഈടാക്കും.
3 വാഹനങ്ങൾക്ക് പൊലീസ് പാസ് വാങ്ങണം. പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ അകമ്പടിയും വേണം.
4.അംഗീകൃത സർക്കാർ ഡോക്ടറുടെ കുറിപ്പടിയോ സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ എക്‌സൈസ് പാസ് അനുവദിക്കൂ.
5.സർട്ടിഫിക്കറ്റുമായി എക്‌സൈസ് റെയ്ഞ്ച്/ സർക്കിൾ ഓഫീസിലെത്തുന്നവർ നിശ്ചിത ഫോം പൂരിപ്പിച്ച് തിരിച്ചറിയൽ രേഖയും നൽകണം.
6.പാസിന് അപേക്ഷിക്കുമ്പോൾ നൽകുന്ന മൊബൈൽ നമ്പരിൽ മദ്യം കൊണ്ടുവരുന്ന സമയം, വില എന്നിവയെല്ലാം അറിയിക്കും.
7.മദ്യം എത്തിക്കുമ്പോൾ ഉടമ വിലകൊടുത്ത് വാങ്ങണം. ഒരാഴ്ചയത്തേക്ക് മൂന്ന് ലിറ്റർ മദ്യമാണ് അനുവദിക്കുക.
"മദ്യം വീട്ടിലെത്തിച്ചു നൽകുന്നത് എത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്. ലോക്ക്‌ഡൗൺ നിലനിൽക്കുന്നതിനാൽ പാസിന്റെ ഉടമകളെ കണ്ടെത്തി മദ്യം നൽകുക ശ്രമകരമാണ്. പാസുകളുടെ എണ്ണം കൂടിയാലും ബുദ്ധിമുട്ടാകും. പ്രശ്നങ്ങളുണ്ടെങ്കിൽ നടപ്പാക്കുന്നതിനിടെ പരിഹരിക്കും"
-ബെവ്കോ എം.ഡി, സ്‌പർജൻ കുമാർ
''മദ്യം വീടുകളിൽ എത്തിച്ചുനൽകാൻ കഴിയില്ല. മദ്യം എത്തിച്ചുകൊടുത്ത് സമൂഹത്തിൽ ദുഷ്‌പേര് സമ്പാദിക്കാൻ താത്പര്യമില്ല. തീരുമാനം പിൻവലിക്കണം.
-വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)