തിരുവനന്തപുരം: സാലറി ചലഞ്ച് നടപ്പാക്കുമ്പോൾ ഏറ്റവും കുറഞ്ഞ ശമ്പളക്കാരെയും കൊവിഡ്-19 പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ്, പൊലീസ്, ഫയർഫോഴ്സ് ജീവനക്കാരെയും ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതിരോധ പ്രവർത്തനത്തിലേർപ്പെടുന്ന മറ്റ് റവന്യു ജീവനക്കാർക്കും ഇളവ് വേണം.

ദുരിതാശ്വാസ ഫണ്ടിന് പ്രത്യേക അക്കൗണ്ട് വേണം. പ്രളയകാലത്ത് പ്രതിപക്ഷം ഈയാവശ്യമുന്നയിച്ചെങ്കിലും സ്വീകരിച്ചില്ല. അതുകാരണം അനർഹർ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഫണ്ട് തട്ടിയെടുക്കുന്ന സ്ഥിതിയുണ്ടായി. കളമശ്ശേരിയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം പോയെന്ന് കണ്ടെത്തി.

പ്രളയകാലത്തെ ദുരിതാശ്വാസ ഫണ്ടുപയോഗിച്ചുള്ള റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്ന് പ്രതിപക്ഷ എം.എൽ.എമാരെ പാടേ ഒഴിവാക്കി. പാർട്ടി നൽകിയ പട്ടിക വച്ചാണ് റോഡനുവദിച്ചത്. റീബിൽഡ് കേരളയ്ക്കായി നീക്കിവച്ച 1000 കോടിയിൽ ഒന്നും ചെലവഴിച്ചില്ല. യാത്രപോലും നിയന്ത്രിച്ച ഈയവസരത്തിൽ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ യാത്രയ്ക്കായി പവൻഹാൻസ് കമ്പനിക്ക് ഒന്നേ മുക്കാൽ കോടി മുൻകൂറായി അനുവദിച്ച ഉത്തരവ് റദ്ദാക്കണം. പൊലീസിന്റെ വിവാദ കാമറ ഇടപാടിന് 6.97കോടി അനുവദിച്ചതും പുനഃപരിശോധിക്കണം.