mullappally
mullappally

തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സമ്മതപത്രം വാങ്ങി മാത്രമേ സാലറി ചലഞ്ച് നടത്താവൂ എന്നും മറിച്ചുള്ള നടപടി പ്രയാസമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

സാമ്പത്തികമായി ഏറെ ബുദ്ധമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരിൽ എല്ലാവിഭാഗത്തിന് മേലും സാലറി ചലഞ്ച് അടിച്ചേല്പിക്കരുത്. ചികിത്സാ ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, വിലക്കയറ്റം എന്നിവ കൊണ്ട് പ്രയാസമനുഭവിക്കുന്ന ജീവനക്കാരെയും അദ്ധ്യാപകരെയും നിർബന്ധിത സാലറി ചലഞ്ചിന്റെ പേരിൽ പീഡിപ്പിക്കരുത്. കൊവിഡ്-19 രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകരെയും പോലീസുകാരെയും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന ക്ലാസ് ഫോർ സർക്കാർ ജീവനക്കാരെയും നിർബന്ധിത സാലറി ചലഞ്ചിൽ നിന്നും പൂർണ്ണമായി ഒഴിവാക്കണം.

ഓഖി, ഒന്നും രണ്ടും പ്രളയങ്ങൾ എന്നിവയുടെ ദുരന്തം പേറുന്ന പതിനായിരങ്ങൾക്ക് ആശ്വാസം എത്തിക്കാൻ സർക്കാരിന് ഇപ്പോഴും കഴിഞ്ഞില്ല. പ്രളയകാലത്ത് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തികസഹായം പോലും കിട്ടാതെ പലരും ആത്മഹത്യ ചെയ്തിട്ടുണ്ട്. അർഹരായ പലർക്കും ആശ്വാസസഹായം കിട്ടിയിട്ടില്ല. സംസ്ഥാനത്തുടനീളം നടന്ന പ്രളയഫണ്ട് തട്ടിപ്പുകേസിൽ പ്രതികൾ സി.പി.എമ്മുകാരാണ്. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ വഞ്ചന കാട്ടിയ സി.പി.എമ്മുകാർക്കെതിരെ ശക്തമായ നടപടി എടുക്കണമായിരുന്നു. സർക്കാരിന്റെ പ്രളയഫണ്ട് പിരിവിൽ സുതാര്യതയും വിശ്വാസതയുമില്ലാത്ത സ്ഥിതിക്ക് ദുരിതാശ്വാസ നിധിയിലെ വരവ് ചെലവ് സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.