kerala-flood

തിരുവനന്തപുരം: റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ വിവിധ പദ്ധതികൾക്കായി സർക്കാർ കഴിഞ്ഞ വർഷം നീക്കിവച്ച 1000 കോടി രൂപയിൽ, സാമ്പത്തികവർഷം അവസാനിച്ചപ്പോൾ ചെലവാക്കിയത് വട്ടപ്പൂജ്യം!

പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി, തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ റോഡുകളുടെ നവീകരണം, ജീവനോപാധികൾക്കുള്ള സഹായം, പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും നവീകരണം, പൊതു കെട്ടിടങ്ങളുടെ പ്രധാന അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും എന്നീ ഇനങ്ങളിലായി 250 കോടി വീതമാണ് നീക്കിവച്ചത്. ഇതിൽ ഒരു രൂപയും ചെലവഴിച്ചിട്ടില്ലെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

ഹെലികോപ്റ്റർ

വാടകയ്ക്ക് 1.71കോടി

കൊവിഡ്-19 നിയന്ത്രണങ്ങൾ കൂടിയായതോടെ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി രൂക്ഷമായിരിക്കെ, സംസ്ഥാന സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ 1.71 കോടി രൂപ അനുവദിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത്.

1,70,63,000 രൂപയാണ് ആദ്യ അഡ്വാൻസായി പവൻഹൻസ് കമ്പനിക്ക് അനുവദിച്ച് ഉത്തരവായത്. എ.എസ് 365 ഡോഫിൻ എൻ ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. പ്രതിമാസ വാടകത്തുകയായ 1,44,60,000 രൂപയും 18 ശതമാനം ജി.എസ്.ടിയും ചേർത്താണ് 1.71കോടി. മാസം തോറും ഈ തുക വാടകയിനത്തിൽ നൽകേണ്ടി വരും.

ഹെലികോപ്ടറിന് പറ്റിയ

സമയം: വി.ഡി.സതീശൻ

സംസ്ഥാന സർക്കാർ ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ പണം നൽകിയത് കൃത്യ സമയത്താണെന്ന് വി.ഡി. സതീശൻ എം.എൽ.എ പരിഹസിച്ചു

. 'കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പ്രളയ പുനർനിർമ്മാണത്തിന് 1000 കോടി രൂപ അനുവദിച്ചതിൽ ഒരു രൂപയും ചെലവാക്കിയില്ല. ലോക ബാങ്ക് പ്രളയ പുനർനിർമ്മാണത്തിന് 1780 കോടി നൽകിയതും വകമാറ്റി ചെലവഴിച്ചു. പ്രളയ ഫണ്ടിലേക്ക് സംഭാവനയും ശമ്പളവും നൽകിയവരെയും കബളിപ്പിച്ചാണ് എറണാകുളം കളക്ടറേറ്റിൽ 8.15 കോടി രൂപ പാർട്ടിക്കാർ അടിച്ചു മാറ്റിയത്. ഇപ്പോൾ കൊവിഡ് പ്രതിരോധത്തിന് ശമ്പളത്തിനും സംഭാവനയ്ക്കുമായി സർക്കാർ വീണ്ടും കൈ നീട്ടുകയാണ്.'- സതീശൻ പറഞ്ഞു.