മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമർശത്തിൽ ആവേശം കൊണ്ട് ദാസപ്പൻ അടുക്കളയിൽ കയറി. ലോക്ക് ഡൗൺ ദിവസങ്ങളിൽ പുരുഷന്മാർ അടുക്കളയിൽ സ്ത്രീകളെ സഹായിക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചല്ലോ.
''ഇന്ന് ഞാനാണ് ഒക്കെ പാകം ചെയ്യുന്നത് '' ദാസപ്പൻ ശപഥവും പാസാക്കി.
ഗ്യാസ് സ്റ്റൗവിന്റെ നോബ് ഇടത്തേക്കാണോ വലത്തേക്കാണോ തിരിക്കേണ്ടത്, ലൈറ്ററിന്റെ സ്വിച്ച് ഏതാണ്, നാലുപേർക്ക് നാലുപാത്രം ചോറു കഴിക്കാൻ അരിയും നാലുപാത്രം തന്നെ ഇടേണ്ടതല്ലേ തുടങ്ങിയ വിഷയങ്ങളിൽ കൺഫ്യൂഷൻ കുറെ ഉണ്ടായി. വെല്ലുവിളികളെ അതിജീവിച്ച് ഉച്ചയോടെ ഒക്കെ റെഡി. മേശമേൽ ആഹാരം നിരത്തി.
''ഹ! എന്തിനാ അച്ഛാ രസം വച്ചത്?"" മൂത്ത മകൻ ചോദിക്കുന്നു (അതു പക്ഷേ സാമ്പാർ ആയിരുന്നു).
മകൾ ചോദിച്ചു: ''എന്തിനാ കഞ്ഞിയാക്കിയത് ""(അത് ചോറായിരുന്നു എന്നുതന്നെയാണ് ദാസപ്പന്റെ വിശ്വാസം). ദാസപ്പന്റെ കൺട്രോൾ പോയി.
''അതേയ്, നിനക്കൊക്കെ കൊണ്ടുവയ്ക്കുമ്പോൾ അങ്ങ് കുറ്റം പറഞ്ഞാൽ മതി. അടുക്കളയിലേക്ക് ഒന്നു കയറണം. അപ്പോ അറിയാം. അടുക്കള ജോലിയെന്നു വച്ചാലേ.""
അത്രയും പറഞ്ഞപ്പോഴാണ് കുറ്റമൊന്നും പറയാതെ ഭാര്യ തന്നെ നോക്കി ചിരിക്കുന്നത് ദാസപ്പൻ കാണുന്നത്. അവൾ അതാ രുചിയോടെ താൻ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നു.
അടുക്കളക്കാര്യങ്ങളിൽ ഭാര്യമാരെ കുറ്റം പറയുന്ന തന്നെപോലുള്ള ഭർത്താക്കന്മാർക്ക് മുഖ്യമന്ത്രി നൈസായി ഒരു പണി തന്നതാണല്ലോ എന്ന് ദാസപ്പൻ മന്ദഹസിച്ചു കൊണ്ട് ചിന്തിച്ചു.