തിരുവനന്തപുരം:കൊവിഡ് 19 ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച സാഹര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലെ സമ്പൂർണ അടച്ചിടൽ പൂർണം. അടച്ചിടലിന്റെ ഒന്നാം ദിവസം പ്രദേശം പൂർണമായും നിശ്ചലമായി. മൂന്ന് ആഴ്ച പ്രദേശം അടച്ചിടാനാണ് നിർദ്ദേശം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നതും ചുരുക്കം. റേഷൻ വിതരണം ഉച്ചവരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാല് , പത്രം മുടക്കമുണ്ടാവില്ല. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. കൊവിഡ് 19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും 3 ആഴ്ച നിരീക്ഷണത്തിൽ കഴിയണമെന്നു ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും കർശന നിർദ്ദേശം ഇന്നലെ പുറപ്പെടുവിച്ചിരുന്നു. കാട്ടായിക്കോണം, മേലേമുക്ക്, അരിയോട്ടുകോണം, വാവറമ്പലം, കൊയ്ത്തൂർക്കോണം, വേങ്ങോട് പ്രദേശങ്ങളിലുള്ളവരെ പ്രത്യേകമായും നിരീക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൈക്ക് അനൗൺസ്‌മെന്റ് വഴി പൊതു ജനങ്ങൾക്ക് നിദ്ദേശം നൽകുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാൻ കളക്ടറുടെ ഉത്തരവുണ്ട്. അവശ്യ സാധനങ്ങൾക്ക് 9 മുതൽ 3 വരെ കടകൾ പ്രവർത്തിക്കും.
നിർദ്ദേശങ്ങൾ
കാട്ടായിക്കോണം, മേലേമുക്ക്, അരിയോട്ടുകോണം, വാവറമ്പലം, കൊയ്ത്തൂർക്കോണം, വേങ്ങോട് താമസിക്കുന്നവർ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
വീടുകളിൽ താമസിക്കുമ്പോഴും മറ്റുള്ളവരുമായി അകലം പാലിക്കണം
രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം
മാർച്ച് ഒന്നിന് ശേഷം വിദേശത്ത് നിന്നോ മറ്റു ജില്ലകളിൽ നിന്നോ വന്നവർ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കണം
ചെയ്തത്
മരിച്ച ആളുമായി ഇടപഴകി എന്ന് കരുതുന്ന 300 പേരുടെ സാമ്പിളുകൾ ആദ്യഘട്ടത്തിൽ ശേഖരിക്കും
രോഗം എവിടെ നിന്നാണ് പകർന്നതെന്നറിയാത്തതിനാൽ കൂടുതൽ പേരുടെ സാമ്പിളുകൾ ശേഖരിക്കും
നഗരസഭയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രധാന മേഖലകളെല്ലാം അണുവിമുക്തമാക്കി
മരിച്ച ആൾ ഇടപഴകിയ സ്ഥലങ്ങളും മേയറുടെ നേതൃത്വത്തിൽ അണു വിമുക്തമാക്കി
അടച്ചിടലിന്റെ ഭാഗമായി പ്രദേശത്ത് പൊലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി
ചന്തവിള, കാട്ടായിക്കോണം, പൂലന്തറ, പോത്തൻകോട് ജംഗ്ഷൻ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി
നിലവിൽ നിരീക്ഷണത്തിൽ തുടരുന്നവർ മൂന്ന് ആഴ്ച കൂടി തുടരണം
പഞ്ചായത്ത് കൺട്രോൾ റൂം
പഞ്ചായത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 0471 2419238 ഈ നമ്പരിൽ ബന്ധപ്പെടണം. കൂടാതെ കുടുംബ ആരോഗ്യ കേന്ദ്രവും പ്രവർത്തനമുണ്ട്. വരും ദിവസങ്ങളിൽ പൊതുസ്ഥലങ്ങൾ അണു മുക്തമാക്കുന്നതിന് ഫയർഫോഴ്‌സിന്റെ സഹായത്തോടെ നടപടി സ്വീകരിക്കും. കുടുംബശ്രീയുടെ സഹായത്തോടെ റേഷൻ വീടുകളിൽ എത്തിക്കും. റേഷൻ വീടുകളിൽ എത്തിക്കുന്നതിന് ഈ നമ്പരുകളിൽ ബന്ധപ്പെടാം 0471 27304 21, 9188527551, 8281573442.
പ്രതികരണം
പോത്തൻകോട്ടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു തഹസീൽദാറെ ചുമതലപ്പെടുത്തി. കൂടുതൽ പേർക്ക് രോഗ പരിശോധന നടത്താനും തീരുമാനിച്ചു. റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ നിദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ വ്യാപനം നടന്നോയെന്ന് അറിയുന്നതിനും അതിനുള്ള സാദ്ധ്യതകൾ തടയുന്നതിനും ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളിൽ എല്ലാവരും സഹകരിക്കണം.
കെ.ഗോപാലകൃഷ്ണൻ, ജില്ല കളക്ടർ
ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവ മാത്രം പ്രവർത്തിക്കാനാണ് നിർദ്ദേശം. എല്ലാ പ്രദേശത്തും നിരീക്ഷണം ശക്തമാക്കും. നിലവിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്നാണ് വിലയിരുത്തൽ.
സുനിൽ വി.അബ്ബാസ്,
സെക്രട്ടറി പോത്തൻകോട് ഗ്രാമ പഞ്ചായത്ത്.