തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണം ആരംഭിച്ചതോടെ വാങ്ങാൻ ജില്ലയിൽ തിരക്ക്. ജില്ലയിലെ 1860 റേഷൻ കടകളിൽ നിന്നായി 1,​58,​534 പേർ ഇന്നലെ സൗജന്യ റേഷൻ വാങ്ങി. സാമൂഹിക അകലം പാലിക്കാനായി കടകൾക്ക് മുന്നിൽ ചോക്കുകൊണ്ട് വൃത്തം വരച്ച് അതിനുള്ളിലാണ് ആളുകളെ നിറുത്തിയത്. എന്നാൽ ചിലയിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപമുണ്ട്. രാവിലെ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ് വിതരണം ചെയ്തത്. തിരക്ക് ഒഴിവാക്കാൻ കാർഡ് നമ്പർ അനുസരിച്ചാണ് വിതരണം ക്രമീകരിച്ചത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് ഇന്നലെ വിതരണം ചെയ്തത്. ഒരേസമയം അഞ്ചുപേരിൽ കൂടുതൽ ആളുകളെ കടകൾക്ക് മുന്നിൽ നിറുത്തിയിരുന്നില്ല. ഇതിനായി പ്രത്യേക ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിരുന്നു. നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് അറിയാൻ പൊലീസ് പരിശോധനയും നടത്തി.
ഗ്രാമപ്രദേശങ്ങളിലെ റേഷൻ കടകളിലാണ് തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. നെടുമങ്ങാട് പഴകുറ്റി, ആര്യനാട്, ചേന്നംപാറ എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. തിരക്ക് നിയന്ത്രിക്കാനായി അധികൃതർ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നു വ്യത്യസ്തമായി പാറശാലയിൽ തിരക്ക് കുറവാണ് അനുഭവപ്പെട്ടത്.
ജില്ലയിൽ പൊതുവെ സാധനങ്ങൾക്ക് ക്ഷാമമുണ്ടായില്ലെങ്കിലും ചിലയിടങ്ങളിൽ ലഭ്യത കുറവുണ്ടായതായി ആക്ഷേപമുണ്ട്. കഴക്കൂട്ടത്ത് ചിലയിടങ്ങളിൽ റേഷൻ സാധനങ്ങൾ തീർന്നെങ്കിലും ഉടൻതന്നെ എത്തിച്ചു. വൈകിട്ട് അഞ്ചുമണിക്കു ശേഷവും കടകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ജില്ലയിൽ റേഷൻ സാധനങ്ങൾക്ക് ക്ഷാമമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്.റാണി അറിയിച്ചു.
നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചല്ല ആളുകൾ വരിനിന്നതെന്ന് ആക്ഷേപമുണ്ട്. റേഷൻ കടകളിലെ ജീവനക്കാർ മാസ്‌കും കൈയുറകളും ഉപയോഗിച്ചിരുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും പരാതിയുണ്ട്. വരും ദിവസങ്ങളിൽ റേഷൻ കടകളിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ജീവനക്കാർ മുഖാവരണവും കൈയുറകളും നിർബന്ധമായി ഉപയോഗിക്കണമെന്ന് നിർദേശം നൽകി.