കോവളം: തിരുവല്ലത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പത്തോളം ക്യാമ്പുകളിൽ അസിസ്റ്റൻഡ് ലേബർ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഈ മേഖലയിൽ 134 അന്യ സംസ്ഥാനതൊഴിലാളികൾ വിവിധയിടങ്ങളിൽ കൂട്ടമായി താമസിക്കുന്നുണ്ട്. തൊഴിലില്ലാതായതോടെ ഭക്ഷണമില്ലാതായെന്ന് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. തൊഴിലാളികളുടെ ബുദ്ധിമുട്ടുകളും മറ്റ് അസൗകര്യങ്ങളും ഉദ്യോഗസ്ഥർ ചോദിച്ച് മനസിലാക്കി. അതത് സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ എണ്ണവും വിശദാംശങ്ങളും രേഖപ്പെടുത്തി. തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും ആരോഗ്യപ്രവർത്തകരുടെ സഹായമടക്കമുളളവ ലഭ്യമാക്കുന്നതിന് സർക്കാർ നിർദ്ദേശത്തിലാണ് ലേബർ ഓഫീസറെത്തിയത്. നിലവിൽ ചിലർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്ന് ഭക്ഷണമെത്തിക്കാനുള്ള സൗകര്യമൊരുക്കും. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോക്ക് സമീപം നേപ്പാൾ സ്വദേശികൾ(26), പുഞ്ചക്കരി തിരുവഴിമുക്ക്(40), മുട്ടളക്കുഴി ഭാഗത്ത് മൂന്നിടങ്ങളിലായി (18, 9,13) മുട്ടളക്കുഴി പാണ്ടിമടം(17), തിരുവഴിമുക്ക് (5),പാപ്പാൻച്ചാണി(6) പേരുമാണ് താമസം.