തിരുവനന്തപുരം: സൗജന്യ റേഷൻ, പെൻഷൻ വിതരണം എന്നിവ ആരംഭിച്ചതോടെ കൂടുതൽ ആളുകൾ പുറത്തിറങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് പരിശോധനകളും നടപടികളും കൂടുതൽ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. വിലക്കു ലംഘിച്ച് യാത്ര ചെയ്ത 48 പേർക്കെതിരെ ഇന്നലെയും കേസെടുത്തു. 35 വാഹനങ്ങൾ പിടിച്ചെടുത്തു. 31 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും ഒരു കാറുമാണ് പിടിച്ചെടുത്തത്. സ്‌പെയർ പാർട്സ് കട തുറന്ന ഉടമയ്ക്കെതിരെ നേമം പൊലീസ് കേസെടുത്തു. റേഷൻ വാങ്ങാനായി ഇന്ന് 2, 3 നമ്പരുകളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾ മാത്രമേ റേഷൻ കടകളിലെത്താൻ പാടുള്ളൂ. ഒരു വീട്ടിൽ നിന്നു അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരു വ്യക്തിയേ പുറത്തിറങ്ങാൻ പാടുള്ളൂ. പെൻഷൻ വാങ്ങാൻ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പ്രകാരം സർവീസ് പെൻഷൻ എസ്.ബി അക്കൗണ്ട് നമ്പർ 0,1 എന്നീ നമ്പരുകളിൽ അവസാനിക്കുന്നവരേ ബാങ്കുകളിൽ പെൻഷൻ വാങ്ങാൻ പോകാൻ പാടുള്ളൂ. സർവീസ് കുടുംബ പെൻഷനുകൾക്ക് ട്രഷറികളിൽ പോകുന്നവർ, പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്നവർ ഉച്ചയ്ക്ക് ഒന്നു മുതൽ 5വരെയും മാത്രമേ ഇന്ന് പോകാൻ പാടുള്ളൂ. ക്രമപ്രകാരമല്ലാതെ വരുന്നവരെ വീടുകളിലേക്ക് തിരികെ അയയ്ക്കും.
ജില്ല വിട്ടു പോകുന്നതിനായി പാസിന് നിരവധി അപേക്ഷ ലഭിച്ചിട്ടുണ്ട്. അന്വേഷണം നടത്തിയതിൽ ചിലർ പാസ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പാസ് ദുരുപയോഗം ചെയ്യുന്നത് തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.
പോത്തൻകോട് പഞ്ചായത്തും സമീപ പ്രദേശങ്ങളും 'സമ്പൂർണ ലോക്ക് ഡൗൺ' ആയതോടെ ആ പ്രദേശങ്ങളുമായി നഗരാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ കർശന വാഹന പരിശോധന ആരംഭിച്ചു. മതിയായ കാരണവും രേഖകളും ഇല്ലാതെ സിറ്റി അതിർത്തി കടന്ന് വരുന്ന വാഹനങ്ങൾ തടയും.