കോവളം: നിരോധനാജ്ഞ നിലനിൽക്കവെ വിഴിഞ്ഞത്ത് മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് ആശങ്ക ഉയർത്തുന്നു. കൊവിഡ്-19 വ്യാപനം തടയാൻ നൽകിയിരുന്ന നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തി തീരത്ത് ഇന്നലെ രാവിലെ നടത്തിയ മത്സ്യലേലത്തിൽ പങ്കെടുക്കാൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നൂറോളം പേരാണ് എത്തിയത്. കഴിഞ്ഞ കുറച്ചു ദിവസമായി നിറുത്തിവച്ചിരുന്ന മത്സ്യബന്ധനം ഇന്നലെ വീണ്ടും ആരംഭിക്കുകയായിരുന്നു. ലേലത്തിൽ തിരക്ക് വർദ്ധിച്ചതോടെ വിഴിഞ്ഞം പൊലീസെത്തി ആൾക്കാരെ വിരട്ടിയോടിച്ചു. കുടുംബങ്ങൾ പട്ടിണിയിലെന്ന് പറഞ്ഞാണ് തൊഴിലാളികൾ മത്സ്യ ബന്ധത്തിനിറങ്ങിയത്. വിഴിഞ്ഞം മേഖലയിൽ നിരവധിപേർ നിരീക്ഷണത്തിലുണ്ട്. നിയന്ത്രണങ്ങളില്ലാതെ ആളുകൂടുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി. പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.