പേരൂർക്കട: പൊതുജനങ്ങൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന അരിയും പലവ്യഞ്ജനങ്ങളും ഒഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു വോളന്റിയേഴ്സാണ് ഇത് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് വട്ടിയൂർക്കാവ് എസ്.ബി.ഐക്ക് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് 10 ചാക്ക് പച്ചരിയും പയറും പരിപ്പും മറ്റു ഭക്ഷ്യവസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൂഴ്ത്തിവയ്ക്കപ്പെട്ട സാധനം കേടായതോടെ ഉപേക്ഷിച്ചതാണോ എന്ന സംശയവുമുണ്ട്. ഭക്ഷ്യധാന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട ഭാഗത്തുനിന്ന് ഇവ സൂക്ഷിച്ചിരുന്ന കടയുടേതെന്ന് കരുതുന്ന ചില ബില്ലുകളും സീലുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പരശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.