തിരുവനന്തപുരം: കോളേജ് അദ്ധ്യാപക നിയമനത്തിന് പുതിയ മാനദണ്ഡം നിശ്ചയിച്ച് സർക്കാർ ഉത്തരവായതോടെ പുതിയ നിയമനങ്ങൾ സമീപഭാവിയിൽ നടക്കില്ല.
ആഴ്ചയിൽ പതിനാറ് മണിക്കൂർ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഒരു അദ്ധ്യാപകൻ വേണ്ടിവരുമ്പോൾ മാത്രമേ അതൊരു തസ്തികയായി കണക്കാക്കൂ. നിലവിൽ 16 പീരിയഡിനുശേഷം ഒമ്പത് അദ്ധ്യയന മണിക്കൂർ പഠിപ്പിക്കേണ്ടിവരുമ്പോൾ ഒരു തസ്തികകൂടി നൽകിയിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ളവർ ആഴ്ചയിൽ 16 മണിക്കൂർ നിർബന്ധമായും പഠിപ്പിച്ചിരിക്കണം. സ്ഥാനക്കയറ്റം ലഭിച്ച് അസോസിയേറ്റ് പ്രൊഫസർമാരാകുന്നവർ 14 മണിക്കൂർ ജോലി നോക്കണം. ഉത്തരവിന് 2018 മേയ് 9 മുതൽ മുൻകാല പ്രാബല്യമുണ്ട്. സർക്കാർ, എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
യു.ജി.സി നിർദേശിച്ച 16 മണിക്കൂർ മാനദണ്ഡം ബാധകമാക്കിയെന്നാണ് സർക്കാർ വിശദീകരണം.
പി.ജി. കോഴ്സുകൾക്ക് ഒരു മണിക്കൂറിന് ഒന്നര മണിക്കൂറിന്റെ വെയ്റ്റേജ് നൽകിയിരുന്നതും ഒഴിവാക്കി. ഒരു പി.ജി കോഴ്സിന് കുറഞ്ഞത് അഞ്ച് അദ്ധ്യാപകരെ നിയമിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഒരു പി.ജി കോഴ്സിന് അദ്ധ്യാപകരുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയും. ഇതിനകം അംഗീകാരം കിട്ടിയിട്ടുള്ള അദ്ധ്യാപകരെ സൂപ്പർന്യൂമററി ആയി തുടരാൻ അനുവദിക്കും.
ഈ അദ്ധ്യയന വർഷം അവസാനം അദ്ധ്യാപകർ വിരമിക്കുന്നതോടെ ഉണ്ടാവുന്ന ഒഴിവുകളിൽ നിയമനം നടക്കില്ല.
ഒഴിവില്ലാതെ 10 വർഷം
#വരുന്ന 10 വർഷത്തേക്ക് കോളേജുകളിൽ കാര്യമായ അദ്ധ്യാപക നിയമനങ്ങൾ ഉണ്ടാവില്ല.
#ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരമില്ലാത്ത തസ്തികയിൽ ഗസ്റ്റ് അദ്ധ്യാപകർ മതി.
# ഇതിനോടകം നിയമനം അംഗീകരിച്ച അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടില്ല. ഈ അദ്ധ്യാപകർ വിരമിക്കുകയോ രാജിവയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ തസ്തിക ഒഴിവുവരികയോ ചെയ്താൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും.
ഉത്തരവ് പിൻവലിക്കണം:
എൻ. എസ്. എസ്.
ചങ്ങനാശേരി: ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ അദ്ധ്യാപകതസ്തിക അനുവദിക്കാവൂ എന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.
ഏകാദ്ധ്യാപകനുള്ളതും 16 മണിക്കൂറിൽ താഴെ വർക്ക് ലോഡ് ഉള്ളതുമായ വിഷയങ്ങൾക്ക് എന്നെന്നേക്കുമായി തസ്തിക നഷ്ടമാകും. അത് അദ്ധ്യയനനിലവാരം തകർക്കും. ഒട്ടേറെ ചെറുപ്പക്കാരുടെ തൊഴിലസവരം നഷ്ടമാകും. പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറാകാത്തപക്ഷം യുക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും.