general

ബാലരാമപുരം: രക്താർബുദം ബാധിച്ച് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന താന്നിമൂട് താന്നിനിന്നവിള വീട്ടിൽ അജി-നിഷ ദമ്പതികളുടെ മകൾ അഭിരാമി (13)​ നാടിനെ കണ്ണീരിലാഴ്ത്ത് യാത്രയായി. ഇന്നലെ വൈകുന്നേരം 4.30 നായിരുന്നു മരണം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.ആറാം തരത്തിൽ പഠിക്കുമ്പോഴാണ് അഭിരാമിക്ക് രക്താർബുദം ബാധിച്ചത്. തുടർന്ന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ അഭിരാമിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുക്കയുള്ളൂവെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതിനായി വെല്ലൂർ ആശുപത്രിയിൽ 40 ലക്ഷം രൂപ ചെലവുള്ള മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രീയയാണ് നിർദ്ദേശിച്ചത്. സാമ്പത്തിക ദൈന്യത നേരിടുന്ന കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുക അപ്രാപ്യമായിരുന്നു. തുട‍ർന്ന് കോവളം എം.എൽ.എ അഡ്വ.എം.വിൻസെന്റിന്റെ നേത്യത്വത്തിൽ കഴിഞ്ഞ ശിശുദിനത്തിൽ ബാലരാമപുരം സ്കൂളിൽവച്ച് അഭിരാമി ചികിത്സാ ധനസഹായകമ്മിറ്റി രൂപീകരിച്ചിരുന്നു. അഭിരാമിക്കായി കൈകോർക്കാം എന്ന സന്ദേശവുമായി കുരുന്നുകളാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്. അഭിരാമിയുടെ ദേഹവിയോഗം കാമ്പെയിനിൽ പങ്കെടുത്ത കുരുന്നുകൾക്കും തീരാനൊമ്പരമായി. ജനകീയസമിതി ജനറൽ കൺവീനർ ബൈജു,​ എൽ.മോഹനൻ തുടങ്ങിയവർ അഭിരാമിയുടെ ധനസമാഹരണാർത്ഥം സജീവമായി രംഗത്തുണ്ടായിരുന്നു. ഇതര സംഘടനകളും അഭിരാമിയുടെ തിരിച്ചുവരവിനായി ഫണ്ട് സ്വരൂപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു. അഭിരാമിക്ക് കേരള സ്കൂൾ ടീചേഴ്സ് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മവും മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു.