കിളിമാനൂർ: ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകരെ വീടുകളിൽ ഇരുന്ന് ഹൈടെക് വീഡിയോ കോൺഫറൻസിലൂടെ യാത്രയാക്കി മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാർ. വിദ്യാഭ്യാസരംഗം ഹൈടെക് നിലവാരത്തിലേക്ക് മാറിയ സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിങ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെ എന്ന് പഠനവിധേയമാക്കുക കൂടിയാണ് ഈ ആശയത്തിലൂടെ സ്കൂൾ നടപ്പിലാക്കിയത്. വീഡിയോ കോൺഫറൻസിലൂടെയുള്ള യാത്രയയപ്പ് യാത്രയാകുന്നവർക്കും യാത്രയാക്കുന്നവർക്കും നവ്യാനുഭവമായി. വിരമിക്കുന്നവർക്ക് മംഗളാശംസകൾ നേരുകയും, വിരമിക്കുന്നവർ മറുപടി പ്രസംഗം നടത്തുകയും ചെയ്തു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഐ.ടി ട്രെയിനർമാർക്ക് നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ സ്കൂൾ ഐ.ടി പരിശീലകൻ ബി.പി. അജനാണ് വീഡിയോ കോൺഫറൻസിന് നേതൃത്വം നൽകിയത്. ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, അദ്ധ്യാപകരായ ഗിരിജ കുമാരി, അജിതകുമാരി എന്നിവരാണ് ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്നത്.