-liquor

തിരുവനന്തപുരം: ഡോക്‌ടറുടെ കുറിപ്പടിയിൽ ഇന്നു മദ്യം വീട്ടിലേക്കെത്തില്ല. ബിവറേജസ് ആസ്ഥാനത്തു നിന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മദ്യം വീട്ടിലെത്തിക്കുന്ന നടപടികൾ നിറുത്തിവയ്ക്കാൻ എം.ഡി എസ്.സ്പർജൻ കുമാർ നിർദേശം നൽകി. കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലോടെ ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തിക്കാനുള്ള എക്സൈസിന്റെ തീരുമാനത്തിൽ അനശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എക്സൈസ് മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുക. നേരത്തെ ഇന്നു മുതൽ മദ്യം നൂറു രൂപ സർവീസ് ചാർജ് ഈടാക്കി വീട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിക്കാനായിരുന്നു തീരുമാനം.

മദ്യം വീട്ടിലെത്തിക്കേണ്ട രീതിയിൽ ബവ്കോ എം.ഡി മാർഗരേഖയും പുറത്തിറക്കിയിരുന്നു.‌ മദ്യാസക്തിയുള്ളതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുമായി അപേക്ഷിച്ച 53 പേര്‍ക്ക് ഇന്ന് മദ്യം വീട്ടിലെത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം.