ന്യൂയോർക്ക്: കോവിഡിന് മുന്നിൽ റഷ്യയുടെയും അമേരിക്കയുടെയും ശത്രുത മെല്ലെ തണുക്കുകയാണ്. കോവിഡിനെ തടനാനുള്ള മരുന്നുകൾ നൽകാമെന്ന് റഷ്യ അറിയിച്ചത് അമേരിക്ക ഇരുകൈയും നീട്ടി സ്വീകരിച്ചത് സൗഹൃദത്തിൻ്റെ തുടക്കമായാണ് വിലയിരുത്തൽ. ശത്രുവാണെങ്കിലും ഒരാപത്തുണ്ടാകുമ്പോൾ സഹായിക്കണമല്ലോ എന്ന തത്വമാണ് ഇതിന് പിന്നിലെന്നും വിലയിരുത്തലുണ്ട്.
കോവിഡിൽ ശ്വാസം മുട്ടുന്ന യു.എസിനെ സഹായിക്കാൻ മരുന്നുകളുമായി റഷ്യൻ വിമാനം അമരിക്കയിൽ പറന്നിറങ്ങി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യൻ സൈനികവിമാനം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമായി ന്യൂയോർക്കിലെത്തിയത്.
മരുന്നുകൾ, ഫേസ് മാസ്‌കുകൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവയുമായാണ് റഷ്യൻ വിമാനം 8000 കിലോമീറ്റർ താണ്ടി ന്യൂയോർക്കിൽ പറന്നിറങ്ങിയത്. യു.എസിൽ രണ്ട് ലക്ഷത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും വലിയ ക്ഷാമമാണ് നേരിടുന്നത്. തുടർന്ന് ഇരുനേതാക്കളും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻെറ സഹായം ട്രംപ് സ്വീകരിക്കുകയായിരുന്നു.
കോവിഡ് വൈറസ് എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലും വൈറസ് ബാധയ്ക്ക് ആഗോള സ്വഭാവമുള്ളതിനാലുമാണ് യു.എസിനെ സഹായിക്കുന്നതെന്നാണ് റഷ്യൻ ഭരണകൂടത്തിന്റെ വിശദീകരണം. റഷ്യയുടെ സഹായം മികച്ചതാണെന്നും വലിയൊരു വിമാനം നിറയെ സഹായമാണ് റഷ്യയിൽ നിന്ന് ലഭിച്ചതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
യു.എസിൽ ഇതുവരെ 4100 പേരാണ് മരിച്ചത്. ചൈനയുടെ ഔദ്യോഗിക മരണസംഖ്യയെക്കാളും അപ്പുറത്തേക്ക് യു.എസ് എത്തിയിരിക്കുന്നു. എന്നാൽ റഷ്യയുടെ സഹായം സ്വീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും അമേരിക്കയിൽ ഉയരുകയാണ്. റഷ്യയിൽ നിന്നുള്ള സഹായം സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യുമെന്നാണ് വിമർശകർ പറയുന്നത്.