തിരുവനന്തപുരം- കൊവിഡ് ബാധിച്ച് റിട്ട. എ.എസ്.ഐ അബ്ദുൾ അസീസ് മരണപ്പെട്ട പോത്തൻകോട് നിയന്ത്രണങ്ങൾ തുടരുന്നു. റേഷൻ കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടഞ്ഞുകിടക്കുന്ന ഇവിടെ സമ്പൂർണ ലോക്ക് ഡൗണിന്റെ പ്രീതിതിയാണ്. വാഹന പരിശോധനയും നിരീക്ഷണവും ഇന്നും കർശനമായി തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇടറോഡുകളുൾപ്പെടെ പോത്തൻകോട് പഞ്ചായത്തിലും മാണിക്കൽ പഞ്ചായത്ത് പ്രദേശത്തും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അബ്ദുൾ അസീസിന്റെ മരണത്തോടെ പ്രദേശത്ത് റേഷൻ ഷോപ്പുകളും മെഡിക്കൽ സ്റ്റോറുകളുമുൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ കളക്ടർ ആദ്യം ഉത്തരവിറക്കിയെങ്കിലും ഇന്നലെ അതിൽ അയവ് വരുത്തി. ഇതോടെയാണ് റേഷൻ കടകളും മെഡിക്കൽ സ്റ്റോറുകളും തുറന്നത്.സമ്പൂർണ ലോക്ക് ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം പൂർണമായും ഒറ്റപ്പെട്ടു. ജംഗ്ഷനുകളും പ്രധാന സ്ഥലങ്ങളുമെല്ലാം പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. ജംഗ്ഷനുകൾ, പൊതു സ്ഥലങ്ങൾ , ഹോം ഐസൊലേഷൻ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ പ്രവർത്തകർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിൽ ചിട്ടി ലേലത്തിനെത്തിയവരും സ്കൂളിൽ പി.ടി.എ യോഗത്തിൽ പങ്കെടുത്തവരും വേങ്ങോട് പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരും വീടുകളിൽ നിരീക്ഷണത്തിലാണ്.