police

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര രോഗങ്ങൾ ബാധിച്ച് ജീവൻരക്ഷാ മരുന്നുകൾക്കായി കേഴുന്നവർക്ക് പൊലീസിന്റെ സഹായ ഹസ്തം. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതനായ ബാലനുൾപ്പെടെ അവശ്യമരുന്നുകളില്ലാതെ ബുദ്ധിമുട്ടിയ സാഹചര്യം മനസിലാക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റയുടെ നേതൃത്വത്തിലാണ് പൊലീസ് സഹായത്തോടെ മരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി. ഹൈവേ പട്രോൾ വാഹനങ്ങളും ഇതിനായി ഉപയോഗിക്കും. തിരുവനന്തപുരം റൂറൽ പോലീസ് മേധാവിക്കും കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കുമായിരിക്കും ഇതിന്റെ ചുമതല. സംവിധാനത്തിന്റെ വിജയകരമായ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അട്ടല്ലൂരിയെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു.

സഹായത്തിന് 112ൽ വിളിക്കാം

ഈ സംവിധാനം പ്രയോജനപ്പെടുത്താൻ 112 ൽ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോൺ നമ്പരും പൊലീസ് സ്റ്റേഷന്റെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ച ശേഷം നോഡൽ ഓഫീസറെ അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദ്ദേശം നോഡൽ ഓഫീസർ നൽകും.

തിരുവനന്തപുരത്തെ മെഡിക്കൽകോളേജ്, കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങൾ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാർക്കാണ്. മരുന്നുകൾ മാറിപ്പോകാതിരിക്കാനും കൃത്യമായ മേൽവിലാസത്തിൽതന്നെ എത്തിച്ചുനൽകാനും അതീവശ്രദ്ധ പുലർത്തണമെന്ന് ‌ ഡി.ജി.പി പൊലീസിനോട് നിർദ്ദേശിച്ചു.