റോം: ചൈനയെ പോലും മറികടന്ന ഇറ്റലിയിലെ മരണസംഖ്യയിൽ ഭൂരിഭാഗവും 60 വയസിന് മുകളിലുള്ളവരാണ്. രാജ്യത്തെ കെയർഹോമുകളാണ് പ്രധാന വൈറസ് വ്യാപന കേന്ദ്രങ്ങളിലൊന്ന്. ഇറ്റലിയിലെ മിലാനിൽ വൃദ്ധർക്ക് വേണ്ടിയുള്ള കെയർഹോമിൽ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ചത് അറുപതിലേറെ പേരാണ്. മാർച്ച് തുടക്കം മുതൽ മിലാനിലെ മെഡിഗ്ലിയയിലെ കെയർഹോമിലെ 150 അന്തേവാസികളിൽ 63 പേരും മരിച്ചിരുന്നു. മാർച്ച് 3നാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത്. ഇറ്റലിയിൽ കൊവിഡിന്റെ പ്രാരംഭഘട്ടമായിരുന്നു അന്ന്.
അതേസമയം മരിച്ച എല്ലാവരെയും കൊവിഡ് ബാധിച്ചിരുന്നോ എന്ന് വ്യക്തമല്ല. കെയർ ഹോമിലെ 36 താമസക്കാർ മാത്രമാണ് കോവിഡ് ടെസ്‌റ്റിന് വിധേയമായത്. 36 പേർക്കും രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിൽ ചിലർ ഇപ്പോഴും ചികിത്സയിൽ തുടരുന്നുണ്ട്. ഇതേവരെ മരിച്ചവരെ ആരെയും പോസ്‌റ്റ്മോർട്ടത്തിന് വിധേയമാക്കിയിട്ടുമില്ല. വടക്കൻ ലൊംബാർഡി മേഖലയിലുള്ള മെഡിഗ്ലിയ ഗ്രാമത്തിൽ 12,000 ത്തോളം പേരാണ് താമസിക്കുന്നത്. ഇറ്റലിയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പ്രദേശത്തോട് ചേർന്നാണ് ഈ ഗ്രാമവും സ്ഥിതി ചെയ്യുന്നത്.
മാർച്ച് തുടക്കം മുതൽ ഇറ്റലിയിലെ കെയർഹോമുകളിലും വീടുകളിലും മറ്റും മരിച്ചവരിൽ കൊവിഡ് ബാധയുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അങ്ങനെയെങ്കിൽ ഇറ്റലിയിലെ മരണസംഖ്യ ഇനിയും കൂടും. കോവിഡ് ഫലം പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ മരണമാണ് ഇപ്പോൾ ഇറ്റലി ഔദ്യോഗികമായി പുറത്ത് വിടുന്നത്. എന്നാൽ ടെസ്‌റ്റുകൾ നടത്താതെ നിരവധി പേർ ഇറ്റലിയിൽ കഴിഞ്ഞ മാസം മരിച്ചിട്ടുണ്ട്. ഇതുവരെ മരിച്ചവരിൽ 80 ശതമാനവും 70 വയസിനു മുകളിലുള്ളവരാണ്. 7,000 കെയർ ഹോമുകളുള്ള ഇറ്റലിയിൽ മിക്കവയും വേണ്ട സജ്ജീകരണങ്ങളോട് കൂടിയവയല്ലെന്നാണ് പറയുന്നത്. ഇത്തരം കെയർഹോമുകളിലൂടെയാണ് കൂടുതൽ പേരിലും വളരെ വേഗത്തിൽ രോഗസംക്രമണം ഉണ്ടായത്.