kerala

തി​രുവനന്തപുരം: ഡോക്ടർമാരുടെ കുറി​പ്പടി​യി​ൽ മദ്യാസക്തി​യുള്ളവർക്ക് ബെവ്കോ വഴി​ മദ്യം വി​തരണം ചെയ്യണമെന്ന് സർക്കാർ ഉത്തരവി​നെ ഹൈക്കോടതി​ സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവി​നെതി​രെ നൽകി​യ ഹർജി​കൾ പരി​ഗണി​ക്കവെയാണ് ഉത്തരവ് മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തതത്. ഹർജി പരിഗണിക്കവെ ഹെെക്കോടതി വാക്കാൽ സർക്കാരിനെ വിമർശിച്ചു. സർക്കാർ ഡോക്ടറാകണ്ട എന്നായിരുന്നു കോടതിയുടെ വിമർശനം. മദ്യം കുറിച്ച് നൽകുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോക്ടർമാരുടെ കുറിപ്പിൽ മദ്യം വിതരണം ചെയ്യാനായിരുന്നു സർക്കാർ ഉത്തരവ്. മദ്യ വിഷയത്തിൽ ആദ്യം മുതൽ തന്നെ ബെവ്കോ അടച്ചിടാതെ മുന്നോട്ട് പോകാനുള്ള നീക്കമായിരുന്നു സർക്കാർ നടത്തിയിരുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോടെ സർക്കാരിന് വേറെ വഴിയില്ലാതായി. മദ്യ നിരോധനത്തിന് ശേഷം സംസ്ഥാനത്ത് ആത്മഹത്യകൾ വർദ്ധിച്ചതോടെയാണ് ഡോക്ടർമാരോട് കുറിപ്പടി നൽകാൻ സർക്കാർ ഉത്തരവിട്ടത്.

മദ്യം കിട്ടാതെ വരുമ്പോൾ രോ‌ഗ ലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ട് സംസ്ഥാനത്ത്. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സം സ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയിൽ പറ‍ഞ്ഞു. മദ്യാസക്തര്‍ക്ക് മദ്യം നൽകുന്നു എന്നതിന് അപ്പുറം ഇതിലെന്ത് കാര്യമാണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. അപ്പോഴാണ് മദ്യം പൂര്‍ണ്ണമായും നിരോധിച്ച സംസ്ഥാനങ്ങളിൽ പോലും ഡോക്ടർമാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ട് എന്ന കാര്യം സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞത്. അത് മാത്രമാണ് ഉദ്ദേശിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. മാത്രമല്ല കുറിപ്പടി എഴുതാൻ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറ‍ഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമെന്നായിരുന്നു ഹൈക്കോടതയുടെ ചോദ്യം. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടി.എൻ പ്രതാപൻ നൽകിയ ഹര്‍ജി വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒഎയും കോടതിയെ സമീപിച്ചിരുന്നു.