pothencode-lockdown

തിരുവനന്തപുരം: സർക്കാരുമായി ആലോചിക്കാതെയാണ് കളക്ടർ കെ.ഗോപാലകൃഷ്ണൻ പോത്തൻകോട്ട് കടുത്ത നിയന്ത്റണം ഏർപ്പെടുത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൊവിഡ്-19 പ്രതിരോധത്തിനായി പോത്തൻകോട് അടച്ചിടാൻ ഉത്തരവിറക്കിയതിൽ ആശയക്കുഴപ്പമുണ്ടെന്നും കൂടിയാലോചനകളില്ലാതെ ഇനി ഉത്തരവുകൾ ഇറക്കരുതെന്നും നിലവിലെ ഉത്തരവിലെ അതൃപ്തിയും മന്ത്രി കളക്ടറെ ഫോണിൽ വിളിച്ചറിയിച്ചു. കൊവിഡ് ബാധിച്ച് പോത്തൻകോട് സ്വദേശി മരിച്ച ദിവസം കടുത്ത നിയന്ത്റണത്തിന് കളക്ടർ ഉത്തരവിറക്കിയിരുന്നു. അതിൽ റേഷൻ കടകളും മെഡിക്കൽ സ്റ്റോറും ബാങ്കുമുൾപ്പെടെ അടിച്ചിടണമെന്നായിരുന്നു. ഇത് ജനങ്ങളെ ആശങ്കപ്പെടുത്തിയിരുന്നു.

ആ ദിവസം തന്നെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവിടത്തെ ജനപ്രതിനിധികളുമായി യോഗം ചേർന്നിരുന്നു. എന്നാൽ സംസ്ഥാനത്തുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അതേപടി പാലിക്കണമെന്നും നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും കൂടുതൽ ജാഗ്രത വേണമെന്നുമാണ് യോഗത്തിൽ തീരുമാനിച്ചിരുന്നത്. റേഷൻ കടകൾ സർക്കാർ നിർദ്ദേശപ്രകാരം പ്രവർത്തിക്കണം, ബാങ്കുകൾ ഉച്ചവരെ പ്രവർത്തിക്കണം, ​അവശ്യ സാധനങ്ങൾ വിൽക്കുന്ന ക‌ടകൾ മൂന്നു ദിവസത്തേക്ക് രാവിലെ 7 മുതൽ 9 വരെ പ്രവർത്തിക്കണം എന്നതായിരുന്നു തീരുമാനം. എന്നാൽ ഇതിനു വിരുദ്ധമായി അവശ്യ സർവീസുകൾക്ക് പോലും പൂട്ടിട്ട് കളക്ട‌ർ ഉത്തരവിറക്കി. ഈ ഉത്തരവാണ് പിന്നീട് പിൻവലിച്ചത്. ഏർപ്പെടുത്തിയ അധികനിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന ഒറ്റവരി ഉത്തരവല്ലാതെ, ഏതൊക്കെ നിയന്ത്രണങ്ങളാണ് പിൻവലിച്ചതെന്ന് കളക്ടർ വിശദമാക്കാതിരുന്നതും ആശയക്കുഴപ്പം വർദ്ധിപ്പിച്ചു. പിന്നീട് മന്ത്രി കടകംപള്ളി വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദമാക്കുകയായിരുന്നു. നേരത്തേ നഗരത്തിലെ മാളുകൾ അടച്ചിടാൻ സർക്കാർ നിർദ്ദേശമില്ലാതെ ഉത്തരവിറക്കിയ കളക്ടറെ മുഖ്യമന്ത്രി പരസ്യമായി ശാസിച്ചിരുന്നു. കളക്ടറുടെ നടപടി തിരുത്തുകയും ചെയ്തു.

പ്രശ്നം ആശയവിനിമയത്തിലെ കുറവ്

അധിക നിയന്ത്രണങ്ങൾ കളക്ടർ ഏ‍ർപ്പെടുത്തിയത് സർക്കാരിനെ അറിയിച്ചിരുന്നില്ല. പിൻവലിക്കുന്നതും അറിയിച്ചില്ല. തലസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളിയും വിവരമറിഞ്ഞില്ല. കളക്ടറുടെ നടപടികളിലെ ആശയക്കുഴപ്പം സംബന്ധിച്ച് സ‌ർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ കൊവിഡ് -19 പ്രതിരോധം വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനിക്കുന്നത്. ജനങ്ങൾക്ക് തെറ്രിദ്ധാരണ ഉണ്ടാക്കുന്ന ഉത്തരവുകൾ ഇറക്കുകയും പിന്നീട് പിൻവലിക്കുകയുമാണ് ചെയ്തതെന്ന് മന്ത്രി കടകംപള്ളി പറഞ്ഞു.

ഇനി എന്ത്?

പോത്തൻകോട്ട് നിലവിൽ സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകളില്ല. അതിനാൽ കടുത്ത നിയന്ത്റണങ്ങൾ ഏർപ്പെടുത്തില്ല. സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ പോത്തൻകോട്ടും തുടരും.

പോത്തൻകോട് ജാഗ്രത തുടരും

തിരുവനന്തപുരം:കൊവിഡ് ​ 19 ബാധിച്ച് ഒരാൾ മരിച്ച പോത്തൻകോടും സമീപ പ്രദേശത്തുമുള്ള ജാഗ്രത തുടരുമെന്ന് സർക്കാർ അറിയിച്ചു.അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ ഒൻപതു വരെ തുറക്കും.ആവശ്യക്കാർക്ക് തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങാം.ഈ സമയത്തിനു ശേഷം അവശ്യവസ്തുക്കൾ വേണ്ടവർ 9996040664,9996040665 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശാ വർക്കർമാരോ വോളന്റിയർമാരോ സാധനങ്ങൾ വീട്ടിൽ എത്തിക്കും. മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ ശേഖരിക്കുന്നതിനായി തച്ചപ്പള്ളി യു.പി.എസ്,കല്ലുർ എൽ .പി .എസ് എന്നീ സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇതു വരെ 127 പേരുടെ സാമ്പിളുകളാണ് ഇവിടെ ശേഖരിച്ചത്. പോത്തൻകോട് ജംഗ്ഷൻ,ബസ് സ്റ്റാൻഡ്,കെ.എസ്.ഇ.ബി,കൃഷി ഓഫീസ്,സാമ്പിളുകൾ ശേഖരിക്കുന്ന സ്‌കൂളുകൾ എന്നിവിടങ്ങൾ കോർപ്പറേഷനും ഫയർഫോഴ്സും ചേർന്ന് അണുവിമുക്തമാക്കുന്നുണ്ട്.ലോക്ക് ഡൗൺ നടപടികളും പ്രദേശത്ത് കർശനമാണ്.

ജനജീവിതം സ്തംഭിക്കരുത് : മുഖ്യമന്ത്രി

തിരുവനന്തപുരം: പോത്തൻകോട് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ,അത് ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.ഒരു കുടുംബത്തെയും ഒറ്റപ്പെടുത്താൻ പാടില്ല.കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തെ അകറ്റിനിറുത്തുന്നു എന്ന പരാതി ശ്രദ്ധയിൽപ്പെട്ടു. അത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം സമൂഹത്തിനും ശ്രദ്ധയുണ്ടാകണം.അവിടെ ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ മുൻകരുതലുകളില്ലാതെ ആളുകളുമായി ഇടകലർന്ന് ഓടിനടക്കുന്നു എന്ന വിവരമുണ്ട്.ആരും വൈറസ് ഭീഷണിക്കതീതരല്ല.കൃത്യമായ ബോധവത്കരണവും നിയന്ത്രണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.