kerala

തിരുവനന്തപുരം: ഈ മാസം പകുതിയോടെ കേരളത്തിൽ കൊവിഡ് 19 നെ തടഞ്ഞുനിറുത്താനാവുമെന്ന് ആരോഗ്യവിദഗ്ദ്ധർ. സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. സംസ്ഥാനത്ത് നിലവിൽ 237 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സംഖ്യ 500 വരെ ഉയർന്നേക്കാം. ഏപ്രിൽ മാസം പകുതിയോടെയായിരിക്കും കേരളത്തിൽ ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുക. എന്നാൽ ഇതിനപ്പുറത്തേക്ക് ഉയരില്ലെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. വൈറസ് ബാധ നിയന്ത്രണവധേയമാക്കാനായി നിലവിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ തന്നെ തുടരുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരമാവധി പേരെ പരിശോധനയ്ക്ക് വധേയരാക്കുകയും ചെയ്താൽ വൈറസ് ബാധ നിയന്ത്രിക്കാനാകുമെന്ന് സംസ്ഥാന സർക്കാരിന്റെ വിദഗ്ദ്ധ സംഘത്തിലെ അംഗവും സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗവുമായ ഡോ. ഇ. ഇക്ബാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ആരോഗ്യവകുപ്പ് ശരിയായ ദിശയിലാണ് മുന്നേറുന്നതെന്നും ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് കരുതുന്നതെന്നും ഐഎംഎയിലെ വിദഗ്ദ്ധരും പറയുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കാമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ പഠനം ആവശ്യമുണ്ട്. കേരളത്തിൽ കാസർകോട്, പത്തനംതിട്ട ജില്ലകൾ വൈറസിന്റെ ഹോട്ട്സ്‌പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം ഫലപ്രദമായ ടെസ്റ്റിംഗ് നടക്കുന്നതു കൊണ്ടാണെന്നും ഇതു നേട്ടമാണെന്നുമാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ലോകത്തു തന്നെ കൊവിഡ് 19 പരിശോധന നടത്തുന്നതിൽ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ കേരളത്തിന്റെ സ്ഥിതി ഈ സാഹചര്യത്തിൽ ഏറെ മെച്ചമാണെന്നും വിദഗ്ദ്ധർ പറയുന്നു.

സൗത്ത് കൊറിയൻ മാതൃകയിൽ കൊവിഡ് 19 ബാധ കണ്ടെത്താനായി വ്യാപകമായി റാപിഡ് ടെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിന് ആവശ്യമായ കിറ്റുകൾ വദേശത്തു നിന്ന് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ചെലവു കുറവാണെന്നതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് റാപിഡ് ടെസ്റ്റിന്റെ ഗുണങ്ങൾ. സമൂഹവ്യാപനം കണ്ടെത്താനും ഒഴിവാക്കാനുമുള്ള മികച്ച മാർഗവും റാപിഡ് ടെസ്റ്റാണ്. രാജ്യത്ത് ആദ്യമായി റാപിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി കേരള സർക്കാരിന് ഐ.സി.എം.ആർ നൽകിയിരുന്നു. കാസർകോട്ടും പത്തനംതിട്ടയിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വദേശത്തു നിന്നെത്തിയവരിലും അവരുമായി അടുത്ത് ഇടപഴകിയവരിലും പൊതുവിൽ രോഗലക്ഷണങ്ങൾ ഉള്ളവരിലും റാപിഡ് ടെസ്റ്റ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇതിനു പുറമെ ആരോഗ്യപ്രവർത്തകരിലും റാപിഡ് ടെസ്റ്റ് നടത്തും.