ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി റോഡിലിറങ്ങുന്നവരെ നേരിടാൻ പകർച്ചവ്യാധി നിയമം കൂടി പ്രയോഗിക്കാൻ ആലോചിക്കുകയാണ് സർക്കാർ. കൊവിഡ് രോഗവ്യാപനം തടയാൻ വേണ്ടിയാണ് കർശനമായ യാത്രാനിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ജനങ്ങളിൽ ബഹുഭൂരിപക്ഷവും നിയന്ത്രണങ്ങൾ പാലിക്കുന്നുമുണ്ട്. എന്നാൽ കുറച്ചുപേരെങ്കിലും അനുസരണക്കേടു കാട്ടുന്നുണ്ട്. പണ്ടേപ്പോലെ റോഡിലിറങ്ങി വെറുതേ കറങ്ങുന്നതിലാണ് അവർ സായൂജ്യം കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും സഞ്ചാരനിയന്ത്രണത്തിന്റെ കെട്ടുകൾ അവിടവിടെയായി പൊട്ടുന്നതായ പ്രതീതിയുണ്ടായി. ബുധനാഴ്ച വൈകിട്ടത്തെ മാദ്ധ്യമ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതു സൂചിപ്പിക്കുകയും ചെയ്തു. നിയന്ത്രണങ്ങളിൽ ഒരുവിധ അയവിനുമുള്ള സാഹചര്യവും ഇപ്പോഴില്ല. അതിനാൽ ആളുകൾ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ എന്നാണു മുഖ്യമന്ത്രി ഉപദേശിച്ചത്. നിയന്ത്രണം ലംഘിച്ച് വെറുതേ റോഡിലിറങ്ങി കറങ്ങുന്നവർക്കെതിരെ ഇതുവരെ കേസെടുക്കൽ മാത്രമേ ഉണ്ടായുള്ളൂ. ഇനി പകർച്ചവ്യാധിക്കാലത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബന്ധപ്പെട്ട നിയമമനുസരിച്ച് പ്രോസിക്യൂഷൻ നടപടികളിലേക്കു നീങ്ങുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച മാത്രം സംസ്ഥാനത്തൊട്ടാകെ നിയന്ത്രണങ്ങൾ ലംഘിച്ച് യാത്ര ചെയ്ത 1729 പേരെയാണ് അറസ്റ്റ് ചെയ്തത്. 1733 പേർക്കെതിരെ കേസും എടുത്തു. 1237 വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്തൊട്ടാകെ 22338 കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടായിരത്തി ഇരുനൂറോളം പേരാണ് അറസ്റ്റിലായത്. അത്യാവശ്യത്തിനല്ലാതെ ഒരു വാഹനവും പുറത്തിറക്കരുതെന്ന് കർക്കശ വിലക്കുണ്ടായിട്ടും വേറുതേ ഇറങ്ങിയ പതിമൂവായിരത്തോളം വാഹനങ്ങളാണ് കസ്റ്റഡിയിലായത്. ലോകം ഒന്നടങ്കം ഏറ്റവും വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിൽ ചുരുക്കം ചിലർ സഞ്ചാര നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സമൂഹത്തെ വെല്ലുവിളിക്കാൻ മുതിരുന്നത് അഭിലഷണീയമല്ല. പറഞ്ഞാൽ കേട്ടില്ലെങ്കിൽ നിയമം പ്രയോഗിച്ച് അനുസരിപ്പിക്കുക മാത്രമേ വഴിയുള്ളൂ.
നൂറ്റിമുപ്പതുകോടിയിലേറെപ്പേരുള്ള ഇന്ത്യ ഈ ഘട്ടത്തിലും രോഗപ്രതിരോധരംഗത്തു പുലർത്തുന്ന കർക്കശ നിയന്ത്രണങ്ങൾ കാരണമാണ് ഭീഷണമാംവിധം രോഗവ്യാപനത്തിൽ നിന്നു രക്ഷപെട്ടുനിൽക്കുന്നത്. ഇന്ത്യയെക്കാൾ പല മടങ്ങ് വിഭവശേഷിയും ആരോഗ്യമേഖലയിൽ പല നിലകളിലും ഔന്നത്യവുമുള്ള വികസിത രാജ്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ കൈകാലിട്ടടിക്കുമ്പോൾ അപകടം മുന്നിൽ കണ്ട് നേരത്തെ തന്നെ കരുതൽ നടപടികളെടുക്കാൻ നമുക്ക് കഴിഞ്ഞു. രോഗവ്യാപനം കർക്കശമായി നിയന്ത്രിക്കാൻ ഇതുവരെ സാധിച്ചിട്ടുമുണ്ട്. അങ്ങിങ്ങുണ്ടായ ചില ജാഗ്രതക്കുറവാണ് രാജ്യത്ത് രോഗികളുടെ സംഖ്യ ഉയർത്തിയത്. ഡൽഹിയിൽ തബ്ലീഗ് മതസമ്മേളനത്തിൽ സംബന്ധിച്ചവരിൽ നാനൂറോളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതാണ് ബുധനാഴ്ച ഒറ്റ ദിവസം കൊണ്ട് രാജ്യത്ത് രോഗബാധിതരുടെ സംഖ്യ പൊടുന്നനെ ഉയർത്തിയത്. നാടുകളിലേക്കു മടങ്ങിയ സമ്മേളന പ്രതിനിധികളുമായി സമ്പർക്കം പുലർത്തിയ അനവധി പേർ നിരവധി സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിലാണ്. സമ്പൂർണ ലോക്ക് ഡൗൺ രോഗവ്യാപനം തടയുന്നതിൽ ഏറെ അനുകൂല ഫലം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഇതുപോലുള്ള വീഴ്ചകൾ ഉണ്ടായത് നിർഭാഗ്യകരമാണ്.
വികസിത രാജ്യങ്ങളിൽ കൊവിഡ് ഇതിനകം വരുത്തിവച്ച ആൾനാശം എല്ലാ രാജ്യങ്ങൾക്കും വലിയ പാഠമാകേണ്ടതാണ്. സമ്പത്തിൽ ലോകത്തെ ഒന്നാമനായ അമേരിക്ക കൊവിഡ് രോഗത്തിന്റെ കരാള ദംഷ്ട്രകളിൽപ്പെട്ട് അക്ഷരാർത്ഥത്തിൽ പിടയ്ക്കുകയാണ്. വരാനിരിക്കുന്ന ആഴ്ചകൾ അതീവ ദുരന്തത്തിന്റെയും വേദനകളുടേതുമായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞുകഴിഞ്ഞു. പ്രതിരോധ നടപടികൾ പരമാവധി എടുത്താലും രാജ്യത്ത് രണ്ടു രണ്ടര ലക്ഷം വരെയാകും മരണ നിരക്കെന്നാണ് യു.എസ് വിദഗ്ദ്ധ സംഘം നൽകുന്ന സൂചന. നിയന്ത്രണങ്ങളിൽ അയവു വന്നാൽ ഇതിന്റെ എത്രയോ മടങ്ങ് ആളുകൾ രോഗത്തിനിരയായിക്കൂടെന്നില്ലെന്നും അവർ മുന്നറിയിപ്പു നൽകുന്നു. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലും മരണ നിരക്ക് കുതിച്ചുയരുകയാണ്. ലോകത്തൊട്ടാകെ കൊവിഡ് മരണം ഈയാഴ്ച തന്നെ അരലക്ഷം കവിയുമെന്നാണ് പ്രവചനം.
കൊവിഡ് ആദ്യം പ്രത്യക്ഷപ്പെട്ട സമയം തൊട്ടേ കരുതലും ജാഗ്രതയും സ്വീകരിച്ച കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും അംഗീകാരം ലഭിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ പ്രതിരോധ നടപടികളെടുത്തതുകൊണ്ടാണ് വലിയ അളവിൽ രോഗവ്യാപനം തടഞ്ഞുനിറുത്താനായത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ ലോക്ക് ഡൗണിന്റെ ആഘാതത്തിൽ നിന്ന് സാധാരണ കുടുംബങ്ങളെ മോചിപ്പിക്കാൻ ഉതകുന്ന ഒട്ടേറെ സാമൂഹ്യ സുരക്ഷാ നടപടികളും സർക്കാർ സ്വീകരിക്കുകയുണ്ടായി. സാമൂഹിക സുരക്ഷാ പെൻഷനും സൗജന്യ റേഷനും കുടിശിക തുക വിതരണവുമൊക്കെ അതിൽ ഉൾപ്പെടുന്നു. ഇതിനൊക്കെ ആവശ്യമായ പണം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാകുമെന്നതിൽ തർക്കമില്ല. സാലറി ചലഞ്ച് ഉൾപ്പെടെയുള്ള വഴികൾ അതിന്റെ ഭാഗമാണ്.
കേന്ദ്രം ആദ്യം പ്രഖ്യാപിച്ച, രാജ്യത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളിൽ രണ്ടെണ്ണമേ കേരളലുണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നലെ അത് ഏഴാക്കി. ഇതിൽത്തന്നെ കാസർകോടാണ് ആരോഗ്യ പ്രവർത്തകർക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നത്. സമ്പർക്ക വിലക്ക് കർക്കശമായി പാലിക്കാത്തതിനെത്തുടർന്നാണ് അവിടെ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കൂടിയത്. രോഗവ്യാപനത്തിന്റെ ദിശ വ്യക്തമായി അറിയാൻ ലോക്ക് ഡൗൺ കാലം തീരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. ഇനിയുള്ള ദിവസങ്ങളും ഏറെ നിർണായകമെന്നാണു ആരോഗ്യരംഗത്തുള്ള വിദഗ്ദ്ധരുടെ അഭിപ്രായം. അതു മാനിക്കാൻ സമൂഹം തയ്യാറാകണം. വ്യക്തിഗതമായ അസൗകര്യങ്ങൾക്ക് ഇതുപോലുള്ള ദുരന്തനാളുകളിൽ ഒരു സാംഗത്യവുമില്ല. സമൂഹത്തിന്റെ സുരക്ഷയും നന്മയുമാണ് മുഖ്യം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നിയമം ഉപയോഗിച്ച് പിടികൂടുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സന്ദർഭത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനുള്ള ശ്രമമാണ് അതിനു പിന്നിലുള്ളത്. നിയമം പ്രയോഗിക്കേണ്ടിവരുന്ന സ്ഥിതി ഉണ്ടാകാതെ നോക്കാനാണ് പൗരബോധമുള്ളവർ ആത്മാർത്ഥമായി ശ്രമിക്കേണ്ടത്. കുറച്ചുദിവസങ്ങൾ കൂടി അനുസരണയോടെ അടച്ചിരിക്കാൻ സാധിക്കണം. അതിന്റെ ഗുണം സമൂഹത്തിന് ലഭിക്കാതിരിക്കില്ല.