arrest

കായംകുളം: വ്യാജമദ്യനിർമ്മാണത്തിൽ കുപ്രസിദ്ധനായ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരിജോൺ കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം നാട്ടുകാരറിയാതെ വ്യാജ മദ്യക്കമ്പനി പ്രവർത്തിപ്പിച്ചത് ഒരുവർഷം. മാളിയേക്കൽ ജംഗ്ഷന് സമീപമുള്ള വൈദികന്റെ വീടിന്റെ താഴത്തെ നിലയിലായിരുന്നു കുപ്പിവെള്ളക്കമ്പനിയെന്ന പേരിൽ ഹാരിജോൺ വ്യാജ മദ്യം നിർമ്മിച്ചിരുന്നത്. തൊട്ടടുത്തായി വൈദികൻ പുതിയ വീട് നിർമ്മിച്ചെങ്കിലും പുനലൂരിലുള്ള പള്ളിയിലാണ് വൈദിക വൃത്തിയെന്നതിനാൽ ഈ വീടും ഒഴിഞ്ഞുകിടക്കുകയാണ്. വൈദികന്റെ പഴയ രണ്ട് നില വീടിന്റെ താഴത്തെ നിലയിലായിരുന്നു ഹാരിജോൺ റമ്മും ബ്രാൻഡിയും നിർമ്മിച്ചത്. സ്പിരിറ്റിൽ ഫ്ളേവറുകൾ ചേ‌ർത്ത് രാവും പകലും കുപ്പിക്കണക്കിന് മദ്യം ഇവിടെ നിർമ്മിച്ച് വിതരണം ചെയ്തെങ്കിലും തൊട്ടയൽവാസിയായ റിട്ട. പൊലീസുകാരന് പോലും യാതൊരു സംശയവും തോന്നിയില്ലെന്നതാണ് വാസ്തവം.

കുപ്പിവെള്ള കമ്പനിയുടെ ഓഫീസെന്നാണ് വീട്ടുടമയായ വൈദികനോടും നാട്ടുകാരോടും നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതിയായ ഹാരിജോൺ പറഞ്ഞിരുന്നത്. ഇടയ്ക്കിടെ മുന്തിയ ഇനം കാറുകളും ഇരുചക്ര വാഹനങ്ങളും ഇവിടെ വന്നുപോകുമായിരുന്നെങ്കിലും കുപ്പിവെള്ളക്കമ്പനിയെന്ന നിലയിൽ അറിയപ്പെട്ടിരുന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. ഇവിടെ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള കാപ്പിൽ കിഴക്ക് മരങ്ങാട്ട് വടക്കതിൽ വീട്ടിലാണ് ഹാരിജോൺ താമസം. വ്യാജ മദ്യ നിർമ്മാണകേസുകളിൽ പ്രതിയായി എക്സൈസ് സർവ്വീസിൽ നിന്ന് ഹാരിജോണിനെ പിരിച്ചുവിട്ടതാണെന്ന് നാട്ടിലെല്ലാവർക്കും അറിയാവുന്നതിനാൽ സ്വന്തം വീട്ടിൽ ഇയാൾ മദ്യനിർമ്മാണമോ വിൽപ്പനയോ നടത്തിയിരുന്നില്ല. കായംകുളം കേന്ദ്രീകരിച്ച് കുപ്പിവെള്ള ബിസിനസാണെന്നാണ് നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. വല്ലപ്പോഴുമാണ് ഹാരി വീട്ടിലെത്തുക.

കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആഡംബര കാറുകളിൽ സ്പിരിറ്റ് കരീലകുളങ്ങരയിലെ വീട്ടിലെത്തിച്ച് ഗോവയിൽ നിന്ന് ആവശ്യമുള്ള ഫ്ളേവറുകളുമെത്തിച്ച് കുടിയൻമാർക്ക് ഇഷ്ടമുള്ള ബ്രാൻഡുകൾ നിർമ്മിക്കലായിരുന്നു പണി.മദ്യനിർമ്മാണത്തിന് ഹാരി തനിച്ചാണെന്നാണ് എക്സൈസിന് നൽകിയിരിക്കുന്ന മൊഴി. 480 ലിറ്റർ മദ്യമാണ് ഇന്നലെ എക്സൈസ് പരിശോധനാവേളയിൽ ഇവിടെ നിന്ന് കണ്ടെത്തിയത്. ഇത്രയും മദ്യം നിർമ്മിക്കാനും ബോട്ട്ലിംഗും ലേബലിംഗും നടത്തി ഹോളോഗ്രാം പതിക്കാനും ഹാരി തനിച്ചായിരിക്കില്ലെന്നാണ് എക്സൈസിന്റെ നിഗമനം.

ഇയാൾക്കൊപ്പം പിടിയിലായ കൊല്ലം കിഴക്കേക്കല്ലട സ്വദേശി സഞ്ജയൻ നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതിയാണ്. പാലക്കാട് ചിറ്റൂരിൽ രണ്ട് മാസം മുമ്പ് എക്സൈസ് രജിസ്റ്റർ ചെയ്ത സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുളളിയാണ് സഞ്ജയൻ. കൂട്ടുപ്രതിയായ കൊല്ലം കല്ലുംതാഴം സ്വദേശി രാഹുൽ അയത്തിൽ ഭാഗത്ത് മദ്യം വിലകൂട്ടി വിൽക്കുന്നതായ വിവരം ലഭിച്ച കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ താജുദ്ദീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണമാണ് ഇവരെ കുടുക്കിയത്. 600 രൂപ വിലവരുന്ന ഒരു ലിറ്റർ ഒപിആർ റം രാഹുൽ 1600 രൂപയ്ക്ക് വിറ്റഴിക്കുന്നതായി രഹസ്യവിവരം ലഭിച്ച എക്സൈസ് ഇയാളെ പിന്തുട‌ർന്ന് സഞ്ജയനൊപ്പം കരീലകുളങ്ങരയിൽ നിന്ന് മദ്യവുമായി വരുംവഴി പിടികൂടുകയായിരുന്നു. ഇരുചക്രവാഹനത്തിൽ പ്ളാസ്റ്റിക്ക് ചാക്കിൽ പൊതിഞ്ഞ് 28 ലിറ്റർ വ്യാജവിദേശമദ്യം ഇവരുടെ പക്കൽ നിന്ന് പിടികൂടി. ഹോളോഗ്രാം പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇവരെ വിശദമായിചോദ്യം ചെയ്തപ്പോഴാണ് കരീലക്കുളങ്ങരയിലെ വ്യാജമദ്യക്കമ്പനിയെപ്പറ്റി വിരം ലഭിച്ചത്. തുട‌ർന്ന് നടത്തിയ റെയ്ഡിലാണ് 480 ലിറ്റർ വ്യാജമദ്യവും നിർമ്മാണത്തിനുള്ള സ്പിരിറ്റും സ്പിരിറ്റ് നിറയ്ക്കുന്ന പാത്രങ്ങളും ലേബലുകളും ഹോളോഗ്രാമുകളും കാലിക്കുപ്പികളും കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളുടെ മൊബൈൽഫോണുകൾ സൈബർ സെല്ലിന് കൈമാറി. റിമാൻഡിലായ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അറിയിച്ചു..