ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കിയ രീതിയെ വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലായിരുന്നു വിമർശനം. രാജ്യത്ത് ബുദ്ധിമുട്ടിലായ സാധാരണക്കാരെ സഹായിക്കാൻ ഒരു കോമൺ മിനിമം ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു.
ലോക്ക് ഡൗൺ ഒട്ടും ആലോചിക്കാതെയാണ് നടപ്പാക്കിയത്. അതുകൊണ്ട് തന്നെ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന അതിഥി തൊഴിലാളികളെയും സാധാരണക്കാരെയും ഈ നടപടി വലച്ചു. രാജ്യത്തെ എല്ലാ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെയും കിടക്കകളുടെയും ചികിത്സയിൽ കഴിയുന്നവരുടെ കണക്കുകളും വൈദ്യ സഹായ ലഭ്യത സംബന്ധിച്ച കണക്കുകളും കേന്ദ്ര സർക്കാർ വെളിപ്പെടുത്തണം.
ആരോഗ്യ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധി പറഞ്ഞു. ലോക രാഷ്ട്രങ്ങളെയെല്ലാം കോവിഡ് രോഗം ബാധിച്ചു. എന്നാൽ നമ്മുടെ നാട്ടിൽ മനുഷ്യത്വവും സാഹോദര്യവും വളർത്താൻ സാധിച്ചിട്ടുണ്ട്. മുന്നിലുള്ള പ്രതിസന്ധി വലുതാണ്. അതിനെ മറികടക്കാൻ ശക്തമായ രീതിയിൽ പ്രവർത്തിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ ആവശ്യപ്പെട്ടു.
കൊവിഡിൽ സംസ്ഥാനങ്ങൾ പ്രത്യേകം മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പ്രവർത്തകസമിതിയംഗങ്ങളെ അഭിസംബോധന ചെയ്തു. കോവിഡിൻ്റെ പശ്ചാതലത്തിൽ സൂം ആപ് ഉപയോഗിച്ചാണ് പ്രവർത്തകസമിതിയോഗം യോഗം നടത്തിയത്.എല്ലാ പ്രവർത്തകസമിതിയംഗങ്ങളും അവരവരുടെ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രവർത്തകസമിതിയിൽ പങ്കെടുത്തത്.