കറാച്ചി: പാകിസ്ഥാനിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുന്നതായി അധികൃതർ . ഇതുവരെ 1865 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ കൂടുതലും പഞ്ചാബ് പ്രവിശ്യയിലാണ്. ഇവിടെ 652 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സിന്ധ് പ്രവിശ്യയാണ് തൊട്ടുപിന്നിൽ. 627പേർക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്താകെ ഇതുവരെ കോവിഡ് മൂലം ഇരുപത്തഞ്ചുപേരാണ് മരിച്ചത്.
രോഗബാധിതരുടെ എണ്ണം കൂടിയതോടെ അധികൃതർ കടുത്ത ആശങ്കയിലാണ്. പലയിടങ്ങളിലും രോഗികൾക്ക് അവശ്യം വേണ്ട സൗകര്യങ്ങൾപോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു പ്രശ്നവുമില്ലെന്നാണ് അധികൃതർ പറയുന്നത്.രോഗബാധ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ എന്തൊക്കെയാണ് ഇവയെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറല്ല.രോഗം ആരെങ്കിലും പകർത്താൻ ശ്രമിക്കുകയോ രോഗവിവരം മനപൂർവം മറച്ചുവയ്ക്കുകയോ ചെയ്താൽ കർശന നപടി സ്വീകരിക്കും എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. എന്നാൽ ഗോത്രമേഖലയിൽ താമസിക്കുന്നവരിൽ വളരെക്കൂടുതൽപേർക്കും കോവിഡ് 19നെപ്പറ്റിയുള്ള പ്രാഥമിക വിവരംപോലുമില്ലെന്നതാണ് സത്യം.
കോവിഡ് പ്രതിരോധസേനയിൽ അംഗമാകാൻ യുവാക്കൾ സ്വയം മുന്നോട്ടുവരുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്.സന്നദ്ധസേനയിൽ അംഗമാകാൻ ഇതുവരെ 90,000 യുവാക്കൾ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രോഗികളെ നിരീക്ഷണത്തിൽ വയ്ക്കാനുള്ള കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
നമ്പരിറക്കി തടവുകാരും
കോവിഡ് പാകിസ്ഥാനിൽ വ്യാപിച്ചതോടെ വൈറസ് ബാധയെ രക്ഷപ്പെടാനുള്ള ഉപാധിയാക്കിയിരിക്കുകയാണ് രാജ്യത്തെ തടവുകാരിൽ ചിലർ. തങ്ങൾക്കും രോഗ ലക്ഷണങ്ങളുണ്ടെന്നാണ് പലതടവുകാരും പറയുന്നത്. എന്നാൽ തടവുകാരിൽ ബഹുഭൂരിപക്ഷത്തിനും രോഗമില്ല. ഇതിനിടെ ചില വിരുതന്മാർ കീഴ്കോടതികളെ സമീപിച്ച് ചികിത്സയ്ക്കുവേണ്ടി ജാമ്യം നേടുകയും ചെയ്തു.പക്ഷേ, അപകടം മണത്ത മേൽക്കോടതികൾ ജാമ്യഉത്തരവുകൾ പലതും റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. രോഗബാധ സ്ഥിരീകരിച്ചാൽ മാത്രം തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് മേൽക്കോടതിയുടെ നിർദ്ദേശമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.