തിരുവനന്തപുരം: നാട് ആപത്തിലായപ്പോൾ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെ 445 ജീവനക്കാർ ജോലിക്കെത്തുന്നില്ല.
ഇവരിൽ 33 പേർ അതതു ജില്ലകളിലുണ്ട്. 406 പേർ മറ്റുജില്ലകളിലുള്ളവരാണ്. ആറുപേർ സംസ്ഥാനത്തിന് പുറത്താണ്.
യാത്രാസൗകര്യമില്ലെന്ന മുടന്തൻ ന്യായമാണ് പലരും പറയുന്നത്. അടിയന്തരമായി ജോലിക്കെത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. ന്യായമല്ലാത്ത കാരണത്താൽ വിട്ടുനിൽക്കുന്നവർക്കെതിരെ ഉടൻ നടപടിയുണ്ടാവും.
ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ്ടെക്നീഷ്യൻ, ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ, റേഡിയോഗ്രാഫർ, വിവിധ ടെക്നീഷ്യൻമാർ, അറ്റൻഡർമാർ, മറ്റ് ഫീൽഡ് വിഭാഗം തസ്തികകളിൽ ജോലി നോക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്.
പ്രായമായവർ, ഗർഭിണികൾ, രോഗബാധിതർ, കൊവിഡ് നിരീക്ഷണത്തിലും ഐസോലേഷനിലും ചികിത്സയിലുമുള്ളവർ എന്നിവർക്ക് ഇളവനുവദിക്കും.
എല്ലാ മെഡിക്കൽ ഓഫീസർമാരും സ്ഥാപനമേധാവികളും ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്ന് വൈകിട്ട് അഞ്ചിനകം ഡയറക്ടറേറ്ററിൽ അറിയിക്കണം.
സ്വന്തം ജില്ലയിൽ
സൗകര്യം വേണം
മറ്റു ജില്ലകളിൽ ജോലിനോക്കുന്നവർക്ക് വീടിന് സമീപത്തെ ആശുപത്രികളിൽ സൗകര്യം ഒരുക്കണമെന്ന് ഒരുവിഭാഗം ഡോക്ടർമാർ ആവശ്യപ്പെടുന്നു. പ്രളയകാലത്ത് ഈ സൗകര്യം നൽകിയിരുന്നു.
അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പണിയെടുക്കുന്ന 300 ഓളം ഡോക്ടർമാരിൽ ഭൂരിഭാഗം പേരും ഓഫീസുകളിൽ എത്തുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവരുടെ സേവനം കൂടി ആശുപത്രികളിൽ വിനിയോഗിക്കണമെന്ന് കേരള ഗവ. സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.